ചെറുകിട ക്ഷീരമേഖലയെ തകർക്കാൻ ആസൂത്രിത നീക്കം



കോട്ടയം: കേരളത്തിലെ ചെറുകിട ക്ഷീരകർഷക മേഖലയെ തകർക്കാനുള്ള ആസൂത്രിത നീക്കത്തിൻ്റെ ഫലമാണ് സർക്കാരിൻ്റെ നിയന്ത്രണത്തിലുള്ള കാലിത്തീറ്റ കമ്പിനിയുടെ തീറ്റകളുടെ വില വർദ്ധിപ്പിക്കാനുള്ള തീരുമാനമെന്ന് കർഷക കോൺഗ്രസ് ക്ഷീര സെൽ ജില്ലാ ചെയർമാൻ എബി ഐപ്പ് ആരോപിച്ചു. വൻകിട കമ്പിനികൾക്ക് ക്ഷീരമേഖലയിലേയ്ക്ക് കടന്ന് വരുവാനുള്ള എല്ലാ സഹായങ്ങളും സംസ്ഥാന സർക്കാർ ചെയ്ത് കൊടുത്ത് കൊണ്ടിരിക്കുകയാണ്. കേരളത്തിലെ ചെറുകിട ക്ഷീരകർഷകർ കാലിത്തീറ്റയെ അടിസ്ഥാനമാക്കിയാണ് പശു വളർത്തലിൽ ഏർപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ച് കാലമായി തുടർച്ചയായി ഉണ്ടായ ഉല്പാദന ചിലവിലെ വർദ്ധനവ് മൂലം നിരവധി കർഷകരാണ് ഈ മേഖല ഉപേക്ഷിച്ച് പോയത്. ഇതു മൂലം സംസ്ഥാനത്ത് പാലിൻ്റെ ഉല്പാദനത്തിനും വലിയ കുറവുണ്ടായി. ക്ഷീരകർഷകരെ സംരക്ഷിക്കാനെന്ന പേരിൽ സർക്കാർ നടത്തിയ പ്രഖ്യാപനങ്ങളെല്ലാം ജലരേഖയായി മാറുകയാണ്. കേരളത്തിലെ ക്ഷീരമേഖല കടുത്ത പ്രതിസന്ധിയെ നേരിടുന്ന ഈ സമയത്താണ് ക്ഷീര കർഷകരുടെ ഉച്ചിക്ക് അടി കിട്ടിയ പോലെ കാലിത്തീറ്റയുടെ വില വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതു മൂലം മറ്റ് സ്വകാര്യ കമ്പിനികളും വില വർദ്ധിപ്പിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ഈ സാഹചര്യത്തിൽ സർക്കാർ പ്രഖ്യാപിച്ച വില വർദ്ധനവ് പിൻവലിക്കാൻ തയ്യാറാകണമെന്ന ആവശ്യം ശക്തമാണ്. പാലിന് വില വർദ്ധിപ്പിക്കാൻ തീരുമാനിക്കുന്നതിന് മുൻപ് തന്നെ കാലിത്തീറ്റയുടെ വില വർദ്ധിപ്പിച്ചിരിക്കുന്നത് ക്ഷീരമേഖലയോടുള്ള സർക്കാരിൻ്റെ വെല്ലുവിളിയാണെന്നും എബി ഐപ്പ് പറഞ്ഞു.

أحدث أقدم