തിരുവനന്തപുരം : തിരുവനന്തപുരം കോർപറേഷനിലെ നിയമന കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രൻ ഇന്ന് പൊലീസിൽ പരാതി നൽകും. വ്യാജ പ്രചാരണം നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകുക. വ്യാജ ഒപ്പും സീലില്ലാത്ത ലെറ്റര്‍ പാഡുമുണ്ടാക്കി കത്ത് പ്രചരിപ്പിച്ചെന്നാണ് പരാതി.
കോഴിക്കോട് നിന്ന് ഇന്ന് തിരുവനന്തപുരത്ത് എത്തിയ ശേഷം സിറ്റി പൊലീസ് കമ്മീഷണർക്കോ മ്യൂസിയം പൊലീസിനോ പരാതി നൽകാനാണ് ആലോചിക്കുന്നത്.
അതേസമയം നിയമന വിവാദത്തിൽ മേയര്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം.
കോര്‍പ്പറേഷനിലെ 295 താല്‍ക്കാലിക ഒഴിവുകളിലേക്ക് പാര്‍ട്ടിക്കാരുടെ പട്ടിക ചോദിച്ച് മേയര്‍ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് അയച്ച കത്താണ് പുറത്തുവന്നത്. എന്നാൽ കത്തിൽ പറയുന്ന തീയതിയിൽ മേയർ ആര്യാ രാജേന്ദ്രൻ തലസ്ഥാനത്ത് ഉണ്ടായിരുന്നില്ലെന്നാണ് മേയറോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.
നിയമന വിവാദത്തിൽ മേയര്‍ ആര്യ രാജേന്ദ്രനെതിരെ മുന്‍ നഗരസഭ കൗണ്‍സിലര്‍ വിജിലന്‍സിന് പരാതി നല്‍കിയിട്ടുണ്ട്. കോര്‍പറേഷനില്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ നടന്ന താല്‍കാലിക നിയമനങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജിഎസ് ശ്രീകുമാര്‍ പരാതി നല്‍കിയത്.