തിരുവനന്തപുരം : നീണ്ട തർക്കങ്ങൾക്കൊടുവിൽ കെഎസ്ആർടിസിയുടെ ഗവി ടൂർ പാക്കേജിന് വനംവകുപ്പിന്റെ പച്ചക്കൊടി. തിരുവനന്തപുരം ചീഫ് ഓഫീസിൽ നിന്നാണ് ഇതിനുള്ള അനുമതി നൽകിയത്.
ടിക്കറ്റ് നിരക്ക്, താമസം, ഭക്ഷണം ഉൾപ്പടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനമായതിനുശേഷം ഡിസംബർ ആദ്യം മുതൽ സർവീസ് ആരംഭിക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം.
തിരുവനന്തപുരം ഉൾപ്പെടെയുള്ള തെക്കൻമേഖല, എറണാകുളം ഉൾപ്പെടെയുള്ള മധ്യമേഖല, കോഴിക്കോട് ഉൾപ്പെടെയുള്ള വടക്കൻമേഖല എന്നിങ്ങനെയുള്ള കെഎസ്ആർടിസിയുടെ മൂന്ന് സോണുകളിൽ നിന്നും ഇവിടേക്ക് ടൂർ പാക്കേജ് ഉണ്ടാകും. ഒരു ദിവസം മൂന്ന് സർവീസുകളാണ് നടത്തുക.
ഓൺലൈൻ വഴി ബുക്കു ചെയ്യാനുള്ള സൗകര്യവും ഒരുക്കും. ദൂരെ നിന്ന് വരുന്ന സർവീസുകൾക്ക് ഗവിക്കൊപ്പം, വാഗമൺ, പരുന്തുംപാറ എന്നീ പ്രദേശങ്ങൾ കൂടി ഉൾപ്പെടുത്തുന്ന കാര്യം ചർച്ച ചെയ്തു വരികയാണ്.
ഈ പ്രദേശങ്ങളിൽ താമസസൗകര്യത്തിനുള്ള പരിശോധന നടക്കുന്നുണ്ട്. അപേക്ഷ നൽകി ഒൻപതു മാസത്തിനു ശേഷമാണ് പാക്കേജിന് വനം വകുപ്പിന്റെ അനുമതി ലഭിക്കുന്നത്.