കോട്ടയത്ത് നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ചുമറിഞ്ഞു; തീപിടിച്ചു, ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു


പ്രതീകാത്മക ചിത്രം 

 കോട്ടയം : കോട്ടയത്ത് നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ചുമറിഞ്ഞു. ഓടിച്ചിരുന്ന ആള്‍ ഇറങ്ങിയതിനു പിന്നാലെ കാറിനു തീപിടിച്ചു. ഡ്രൈവര്‍ പുറത്തിറങ്ങിയതിന് ശേഷമാണ് കാറിന് തീപിടിച്ചത് എന്നതുകൊണ്ട് ഡ്രൈവര്‍ കാര്യമായ പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു.

ഇന്നലെ അർധരാത്രി ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജംക്ഷനില്‍ പൊലീസ് സ്റ്റേഷനു മുന്‍വശത്തെ ഡിവൈഡറില്‍ ഇടിച്ചാണ് കാര്‍ മറിഞ്ഞത്. എറണാകുളം ഭാഗത്തു നിന്നു കോട്ടയത്തേക്കു വരികയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട വാഹനം ഇടിച്ചു വശത്തേക്ക് മറിഞ്ഞ നിലയിലായിരുന്നു. നാട്ടുകാര്‍ വാഹനം ഉയര്‍ത്തി ഓടിച്ചിരുന്ന ആളെ പുറത്തെത്തിക്കുകയായിരുന്നു. 

ഉടന്‍ തന്നെ കാറിന്റെ എന്‍ജിന്‍ ഭാഗത്തുനിന്നു പുകയും തീയും ഉയര്‍ന്നു. വാഹനം പൂര്‍ണമായി കത്തി. അപകടം ഒഴിവാക്കാന്‍ പൊലീസ് എത്തി റോഡ് ബ്ലോക്ക് ചെയ്ത് കോട്ടയം അഗ്‌നിരക്ഷാ സേനയെ വിവരം അറിയിച്ചു. തൊട്ടടുത്തുള്ള പെട്രോള്‍ പമ്പില്‍ നിന്നു ഫയര്‍ എക്സ്റ്റിങ്ഗ്യൂഷര്‍ ഉപയോഗിച്ച് തീ കെടുത്താന്‍ ശ്രമിച്ചു. തീ ആളി പടര്‍ന്നതോടെ പിന്മാറി. 

അഗ്‌നിരക്ഷാ സേനയുടെ ചെറിയ വാഹനം എത്തി തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനാല്‍ വലിയ വാഹനം എത്തിച്ചു കെടുത്തുകയായിരുന്നു. ഓടിച്ചിരുന്ന ആളെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു.
أحدث أقدم