കാറ്ററിങിന് ഏൽപിച്ചാൽ ചാരായവും എത്തും, ലക്ഷ്യം വിവാഹ വീടുകൾ, മണിമല കടയനിക്കാട് സ്വദേശി പിടിയിൽ


എരുമേലി: കേറ്ററിംങ് സർവീസിന്റെ മറവിൽ വിവാഹ വീടുകളിൽ വ്യാജ ചാരായം വിൽപ്പന നടത്തിയ കേസിൽ മണിമല കടയനിക്കാട് സ്വദേശി പോലീസ് പിടിയിൽ. ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് നാലു ലിറ്റർ ചാരായവും, 70 ലിറ്റർ കോടയും പിടിച്ചെടുത്തത്. മണിമല കടയനിക്കാട് കോലഞ്ചിറയിൽ വീട്ടിൽ കെ.എസ് സോമനെയാണ് (65) ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സംഘം പിടികൂടിയത്. വിവാഹ വീടുകളിൽ കേറ്ററിംങ് സർവീസ് നടത്തുകയാണ് സോമൻ ചെയ്തിരുന്നത്. കേറ്ററിംങ് സർവീസിന്റെ മറവിൽ ഇയാൾ വിവാഹ വീടുകളിൽ മദ്യ വിൽപ്പനയും നടത്തിയിരുന്നു. ഇതു സംബന്ധിച്ചു ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു ദിവസങ്ങളോളമായി ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘം സോമനെ നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടെയാണ് ഇയാൾ വീടിനു സമീപത്ത് വാറ്റ് ചാരായം വാറ്റുന്നതായി പോലീസ് സംഘം കണ്ടെത്തിയത്. തുടർന്നു കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടൻ, മണിമല സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ബി ഷാജിമോൻ, എസ്‌ഐ വിജയകുമാർ, അനിൽകുമാർ, മോഹനൻ, എഎസ്‌ഐ റോബി പി ജോസ് എന്നിവരും ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘവും ചേർന്നാണ് പിടികൂടിയത്. ഇയാൾ ഒരു ലീറ്റർ ചാരായം ആയിരം രൂപയ്ക്കാണ് വിറ്റിരുന്നത്.

أحدث أقدم