കിളികൊല്ലൂര്‍ കേസ് : സൈനികനും സഹോദരനും മര്‍ദ്ദനമേറ്റു; മര്‍ദ്ദിച്ചത് ആരെന്ന് വ്യക്തമല്ല; കമ്മീഷണറുടെ റിപ്പോർട്ട്





 കൊല്ലം : കൊല്ലം കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ മര്‍ദ്ദനക്കേസില്‍, സൈനികനും സഹോദരനും മര്‍ദ്ദനമേറ്റിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. 

കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ ഇതുസംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി. സ്‌റ്റേഷന് പുറത്തു വെച്ചാണ് ഇവര്‍ക്ക് മര്‍ദ്ദനമേറ്റതെന്ന പൊലീസുകാരുടെ വാദം റിപ്പോര്‍ട്ടില്‍ തള്ളിയിട്ടുണ്ട്. സ്‌റ്റേഷന് പുറത്തു വെച്ചാണ് മര്‍ദ്ദനമേറ്റതെന്നതിന് തെളിവില്ല.

അതേസമയം പൊലീസ് മര്‍ദ്ദിച്ചുവെന്ന സൈനികന്റെയും സഹോദരന്റെയും വാദത്തിന് തെളിവില്ല. അതുകൊണ്ടു തന്നെ മര്‍ദ്ദിച്ചത് ആരാണെന്ന് വ്യക്തമല്ല. ആരു മര്‍ദ്ദിച്ചു എന്നതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിറ്റി പൊലീസ് കമ്മീഷണര്‍ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടിലാണ് വിചിത്രമായ കണ്ടെത്തലുള്ളത്. 

ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ സുഹൃത്തിനെ കാണാന്‍ പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് സൈനികന്‍ വിഷ്ണുവിനെയും സഹോദരനും ഡിവൈഎഫ്ഐ പേരൂർ മേഖലാ ജോയിന്റ് സെക്രട്ടറിയുമായ വിഘ്നേഷിനെയും പൊലീസ് ക്രൂരമായി മര്‍ദിച്ചത്.

 പൊലീസുകാരെ മര്‍ദിച്ചെന്ന കുറ്റം ചുമത്തി വിഷ്ണുവിനെയും വിഘ്നേഷിനെയും 12 ദിവസം ജയിലിലിട്ടു. മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ 4 പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യുകയും രണ്ടുപേരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

أحدث أقدم