മുഖ്യമന്ത്രിയ്ക്ക് മറുപടിയായി വെല്ലുവിളി ഉയർത്തി ഗവര്‍ണർ

 ന്യൂഡൽഹി : രാജ്ഭവൻ രാഷ്ട്രീയ നിയമനം നടത്തിയിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്ഭവൻ ഇടപെട്ട് അനധികൃത നിയമനം നടത്തിയെന്ന് മുഖ്യമന്ത്രി തെളിയിച്ചാൽ ഗവർണർ പദം രാജിവെക്കാൻ തയ്യാറാണെന്നും, മറിച്ചാണെങ്കിൽ മുഖ്യമന്ത്രി രാജിവെക്കാൻ തയ്യാറുണ്ടോയെന്നും ഗവർണർ വെല്ലുവിളിച്ചു.

ന്യൂഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ഗവർണറുടെ സമാന്തര ഭരണമെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനും അദ്ദേഹം മറുപടി നൽകി. 

ഏത് ഭരണത്തിലാണ് താൻ ഇടപെട്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പറഞ്ഞ ഗവർണർ ഒരിക്കലും താൻ അധികാരം മറികടന്ന് പ്രവർത്തിച്ചിട്ടില്ലെന്നും വ്യക്തമാക്കി. സ്ഥാനത്തിന്റെ വില തിരിച്ചറിഞ്ഞുവേണം വിഷയങ്ങളോട് പ്രതികരിക്കാനെന്നും മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്ക് മറുപടിയായി ഗവർണർ പറഞ്ഞു.

കണ്ണൂർ വി.സി നിയമനത്തിൽ മുഖ്യമന്ത്രി ഇടപെട്ടപ്പോഴാണ് താൻ ഇടപെട്ടത്. സർവകലാശാലകളിൽ സർക്കാർ സ്വന്തക്കാരെ നിയമിച്ചിട്ടുണ്ടെങ്കിൽ ഇടപെടും.

 മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വർണ്ണ കള്ളക്കടത്തിൽ പങ്കുണ്ടെങ്കിൽ ആ വിഷയത്തിലും താൻ ഇടപെടുമെന്നും ഗവർണർ വ്യക്തമാക്കി. 

രാജിവെക്കാൻ ആവശ്യപ്പെട്ട് വൈസ് ചാൻസലർമാർക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടി ലഭിച്ചിട്ടില്ലെന്നും മറുപടി നൽകാൻ ഈ മാസം ഏഴ് വരെ സമയം നീട്ടിനൽകിയിട്ടുണ്ടെന്നും ഗവർണർ അറിയിച്ചു.


أحدث أقدم