മകനെ ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ കാർ കിണറ്റിൽ വീണ് അച്ഛൻ മരിച്ചു


കണ്ണൂർ: മകനെ ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ കിണറ്റിലേക്ക് വീണ് ഗൃഹനാഥൻ മരിച്ചു. ആലക്കോട് നെല്ലിക്കുന്ന് സ്വദേശി താരാമംഗലത്ത് മാത്തുക്കുട്ടി (56) ആണ് മരണപ്പെട്ടത്. കാറിലുണ്ടായിരുന്ന മകൻ വിൻസിനെ (18) ഗുരുതര പരിക്കുകളോടെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10.45 ഓടെയാണ് ദാരുണ സംഭവം ഉണ്ടായത്. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ സ്റ്റാർട്ടാക്കി മുന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തെ കിണറിലേക്ക് മറിയുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തളിപ്പറമ്പിൽ നിന്നും എത്തിയ ഫയർഫോഴ്സ് സംഘം കാർ കിണറിൽ നിന്ന് ഉയർത്തി അച്ഛനെയും മകനെയും പുറത്തെടുത്തെങ്കിലും മാത്തുക്കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. കാർ പുറത്തെടുക്കുമ്പോഴേക്കും മാത്തുക്കുട്ടി മരിച്ചിരുന്നു. ദുരന്ത വിവരമറിഞ്ഞ് പ്രദേശവാസികളും ആലക്കോട് ഇൻസ്പെക്ടർ എം പി വിനീഷിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. തളിപ്പറമ്പ് ഫയർസ്റ്റേഷൻ ഓഫീസർ സിപി രാജേഷിന്‍റെ നേതൃത്വത്തിലെത്തിയ ഉദ്യോഗസ്ഥരാണ് കാർ പുറത്തെടുത്തതും വിൻസിനെ ആശുപത്രിയിലേക്ക് മാറ്റിയതും.

أحدث أقدم