ഇടതു സര്‍ക്കാർ അന്നദാതാവിന്റെ അന്നം മുട്ടിക്കുന്നു : അഡ്വ. ജി. രാമന്‍ നായർ


കോട്ടയം: തീര്‍ത്ഥാടന കാലത്തെ വരുമാനം കൊണ്ടുമാത്രം  വിവിധ വകുപ്പുകളെയും ദേവസ്വം ബോര്‍ഡിനെയും തീറ്റിപ്പോറ്റുന്ന സംസ്ഥാന സര്‍ക്കാര്‍ ശബരിമല തീര്‍ത്ഥാടനത്തെ അട്ടിമറിച്ച് അന്നദതാവായ അയ്യപ്പസ്വാമിയുടെ അന്നം മുട്ടിക്കുവാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി ദേശീയ സമിതി അംഗവും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ അഡ്വ.  ജി.രാമന്‍ നായര്‍ അഭിപ്രായപ്പെട്ടു.  ശബരിമല തീര്‍ത്ഥാടന കാലത്ത് കാലങ്ങളായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തി വരുന്ന മുന്നൊരുക്കങ്ങള്‍ സമയാധിഷ്ഠിതമായി നടപ്പിലാക്കത്തതില്‍ പ്രതിഷേധിച്ച് ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ നയിച്ച ഉപവാസ സമരം തിരുനക്കര ഗാന്ധി സ്‌ക്വയറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീര്‍ത്ഥാടകരുടെ ആരോഗ്യ പരിപാലനത്തിന് അനിവാര്യമായ ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ പറഞ്ഞു. തീര്‍ത്ഥാടകര്‍ ഏറെ ആശ്രയിക്കുന്ന കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും എരുമേലിയിലും കാര്‍ഡിയാക് അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ല.  അടിയന്തര ഘട്ടങ്ങളില്‍ ഗുരുതര രോഗികള്‍ക്ക് ആധുനിക ചികിത്സ ലഭ്യമാക്കേണ്ട കോട്ടയം മെഡിക്കല്‍ കോളേജ് ഇന്ന് ഒരു മഴ പെയ്താല്‍ പ്രവര്‍ത്തനം സ്തംഭിക്കുന്ന സ്ഥിതിയിലേക്ക് മാറി. തീര്‍ത്ഥാടകര്‍ക്ക് വിരിവച്ച് വിശ്രമിക്കാന്‍ ആവശ്യമായ ഇടത്താവളങ്ങളായ വൈക്കം, ഏറ്റുമാനൂര്‍, കോട്ടയം, എരുമേലി തുടങ്ങിയ ഇടങ്ങളില്‍ ഒരുക്കം തുടങ്ങിയിട്ടില്ല. എരുമേലി ഷെല്‍ട്ടര്‍ പൊളിച്ചിട്ടിരിക്കുകയാണെന്നും ലിജിൻ ലാൽ ചൂണ്ടിക്കാട്ടി. രാവിലെ തുടങ്ങിയ ഉപവാസം സമരം  വൈകുന്നേരം സമാപിച്ചപ്പോൾ ബിജെപി ജില്ലാ പ്രസിഡന്റ്‌  ലിജിൻ ലാലിന്  അഡ്വ ബി ഗോപാലകൃഷ്ണൻ നാരങ്ങാനീര് നൽകി.  ബിജെപി സംസ്ഥാന വക്താവ് അഡ്വ നാരായണൻ നമ്പൂതിരി, എസ്. ജയസൂര്യൻ, അഡ്വ നോബിൾ മാത്യു  ബി. രാധാകൃഷ്ണ മേനോന്‍, കെ.ജി. രാജ്മോഹന്‍, കെ.ഗുപ്തന്‍, എൻ കെ ശശികുമാർ,തോമസ് ജോണ്‍, പി.കെ. രവീന്ദ്രന്‍,  ടി.എന്‍. ഹരികുമാര്‍,  എസ്. രതീഷ്, പി ജി ബിജുകുമാർ, കെ.പി. ഭുവനേഷ്, എം.ആര്‍. അനില്‍കുമാര്‍, റീബ വര്‍ക്കി  തുടങ്ങിയവര്‍ പ്രസംഗിച്ചു.

أحدث أقدم