തിരുവനന്തപുരം : ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റുന്നതിന് വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസ് രാജ്ഭവൻ സർക്കാരിലേക്ക് മടക്കി അയച്ചു. ഡിസംബർ അഞ്ചിന് നിയമസഭാ സമ്മേളനം വിളിച്ചു ചേർത്ത സാഹചര്യത്തിലാണ് ഗവർണർ ഓർഡിനൻസ് മടക്കി അയച്ചത്.
ഓർഡിനൻസിനു പകരം സഭാസമ്മേളനത്തിൽ ബിൽ കൊണ്ടുവരുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ഓർഡിനൻസ് ആയാലും ബിൽ ആയാലും ഒപ്പിടില്ലെന്നാണ് ഗവർണറുടെ നിലപാട്. തന്നെമാത്രം ലക്ഷ്യമിട്ടുള്ള നിയമനിർമാണമാണെങ്കിൽ രാഷ്ട്രപതിക്ക് അയക്കുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു.
സർവകലാശാലാ വി.സി. നിയമനത്തിൽ സർക്കാരും ഗവർണറും തമ്മിൽ പോര് രൂക്ഷമായതിനെത്തുടർന്നാണ് ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റാനും പകരം അതത് മേഖലകളിലെ വിദഗ്ധരെ ചാൻസലറായി നിയമിക്കാനുമുള്ള ഓർഡിനൻസിന് സർക്കാർ രൂപം നൽകിയത്. സമാന സ്വഭാവമുള്ള സർവകലാശാലകൾക്കായി ഒരു ചാൻസലറെന്ന നിലയിലായിരിക്കും നിയമനം.
നിലവിൽ നിയമസഭ പാസാക്കിയ ആറ് ബില്ലുകൾ ഗവർണറുടെ അംഗീകാരം കാത്ത് രാജ്ഭവനിലുണ്ട്. വിവാദമായ ലോകായുക്ത നിയമഭേദഗതി, വി.സി. നിയമനത്തിനുള്ള തിരഞ്ഞെടുപ്പ് സമിതിയിൽ സർക്കാർ പ്രതിനിധികളുടെ എണ്ണം വർധിപ്പിക്കുന്ന സർവകലാശാലാ നിയമഭേദഗതി, മിൽമയിൽ അഡ്മിനിസ്ട്രേറ്റർമാർക്കും വോട്ടവകാശം നൽകുന്ന സഹകരണ നിയമഭേദഗതി തുടങ്ങിയവയൊക്കെ ഇക്കൂട്ടത്തിലുണ്ട്. ഈ ബില്ലുകളിന്മേലും ഗവർണർ തീരുമാനമെടുത്തിട്ടില്ല.