'താമരാക്ഷന്‍ പിള്ള'യായി കെഎസ്ആര്‍ടിസി ബസിൻ്റെ കല്യാണ ഓട്ടം: ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും


 കോതമംഗലം: സകല നിയമങ്ങളും കാറ്റിൽ പറത്തി കെഎസ്ആർടിസി ബസ് കല്യാണ ഓട്ടം നടത്തിയ സംഭവത്തിൽ മോട്ടാർ വാഹന വകുപ്പിൻ്റെ ഇടപെടൽ. ബസ് പരിശോധിക്കേണ്ട സാഹചര്യമുള്ളതിനാൽ വീണ്ടും സർവീസിന് അയക്കരുതെന്ന് എംവിഡി ഉദ്യോഗസ്ഥർ കെഎസ്ആർടിസി കോതമംഗലം ഡിപ്പോ അധികൃതർക്ക് നിർദേശം നൽകി. നാളെ രാവിലെ ഹാജരാകണമെന്ന് ജോയിൻ്റ് അർടിഒ കെഎസ്ആർടിസി ഡ്രൈവർക്കും നിർദേശം നൽകിയിട്ടുണ്ട്. ഡ്രൈവറുടെ ലൈസൻസ് താൽക്കാലികമായി സസ്പെൻഡ് ചെയ്യുമെന്നാണ് റിപ്പോർട്ട്. കോതമംഗലം നെല്ലിക്കുഴിയിൽ നിന്ന് ഇന്ന് രാവിലെ അടിമാലി ഇരുമ്പുപാലത്തേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസാണ് 'ഈ പറക്കും തളിക' എന്ന സിനിമയിലെ 'താമരാക്ഷൻ പിള്ള' എന്ന ബസ് അലങ്കരിച്ചതിനു സമാനമായി അലങ്കരിച്ചത്. സിനിമയിൽ ചിത്രീകരിച്ചിരിക്കുന്ന പോലെ ഇലകൊണ്ടും വലിയ മരക്കൊമ്പുകൾ കൊണ്ടും തെങ്ങോലകൊണ്ടുമെല്ലാം അലങ്കരിച്ചാണ് ബസ് നിരത്തിലിറക്കിയത്. ബസിന് താമരാക്ഷൻ പിള്ള എന്ന പേരും നൽകിയിരുന്നു. ചിത്രത്തിലേതിനു സമാനമായി ഇവിടെയും കല്യാണച്ചടങ്ങിനായാണ് കെഎസ്ആർടിസി ബസിനെ താമരാക്ഷൻ പിള്ളയായി മാറ്റിയത്. ഫുട്ബോൾ ലോകകപ്പ് ആരാധകരായ വരൻ്റെ സുഹൃത്തുക്കൾ ബ്രസീൽ, അർജൻ്റീന പതാകകളും ആവേശത്തിൽ മുന്നിൽക്കെട്ടിയിരുന്നു. കോതമംഗലം ഡിപ്പോയുടെ ബസാണ് നിയമങ്ങൾ കാറ്റിൽപ്പറത്തി കല്യാണ ഓട്ടം നടത്തിയത്. ബസിൽ കെട്ടിവെച്ച മരച്ചില്ലകൾ പുറത്തേക്ക് തള്ളിനിൽക്കുന്ന നിലയിലായിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ട പൊതുപ്രവർത്തകരാണ് സംഭവം പോലീസിനെ അറിയിച്ചത്. തുടർന്ന് മോട്ടോർ വാഹന വകുപ്പിനു വിവരം കൈമാറുകയായിരുന്നു.

أحدث أقدم