മലപ്പുറം: പൊന്നാനി കടപ്പുറത്ത് മത്തി കൂട്ടത്തോടെ കരക്കടിഞ്ഞു. ശനിയാഴ്ച ഉച്ചയോടെയാണ് തിരമാലകള്‍ക്കൊപ്പം മത്തി കൂട്ടത്തോടെ കരക്കടിഞ്ഞത്. ടണ്‍ കണക്കിന് മത്തിയാണ് ഈരീതിയില്‍ തീരത്തടിഞ്ഞത്. കണ്ട് നിന്നവര്‍ ആദ്യമൊന്നമ്പരന്നെങ്കിലും പിന്നെ മത്തി വാരിക്കൂട്ടുന്ന തിരക്കിലായി.പൊന്നാനി ലൈറ്റ് ഹൗസ് മുതല്‍ പുതുപൊന്നാനി കടപ്പുറം വരെയാണ് തിരകള്‍ക്കൊപ്പം മത്തിയും കൂട്ടമായി എത്തിയത്. ടണ്‍ കണക്കിന് മത്തി കടപ്പുറത്ത് അടിഞ്ഞു കൂടുന്നത് കണ്ട് ആളുകള്‍ അമ്പരന്നു. എല്ലാവരും തീരത്തേക്ക് ഓടിയിറങ്ങി. ചിലര്‍ വീഡിയോ എടുക്കുന്ന തിരക്കില്‍ മറ്റ് ചിലര്‍ മത്തി കവറുകളിലും കുട്ടകളിലും നിറക്കുന്ന വെപ്രാളത്തിലുമായിരുന്നു. വല്ലപ്പോഴും ഉണ്ടാവാറുള്ള ഇത്തരം പ്രതിഭാസം കാണാന്‍ പലരും കടപ്പുറത്തെത്തിയിരുന്നു. ഏകദേശം ഒരു മണിക്കൂറോളമാണ് മത്സ്യം കരക്കടിഞ്ഞത്. പൊന്നാനിയിലും തിരൂരിലും സമാനമായി നേരത്തെയും ഇത്തരം പ്രതിഭാസങ്ങള്‍ ഉണ്ടായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് അഴിത്തല അഴിമുഖത്ത് മത്തിച്ചാകരയുണ്ടായിരുന്നു. തിരമാലകള്‍ക്കൊപ്പമാണ് മത്തി കൂട്ടത്തോടെ കരക്കടിഞ്ഞത്. മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം വടകര സാന്റ് ബാങ്ക്‌സിലെത്തിയ വിനോദ സഞ്ചാരികളും നാട്ടുകാരും തീരത്തടിഞ്ഞ മത്തി വാരിയെടുത്തു.
വടകര സാന്‍റ് ബാങ്ക്‌സിന് സമീപം അഴിത്തല അഴിമുഖത്താണ് മത്തിച്ചാകര ദൃശ്യമായത്. തിരമാലകള്‍ക്കൊപ്പം മത്തി കൂട്ടത്തോടെ കരക്കടിഞ്ഞത്, കണ്ട് നിന്നവര്‍ക്ക് ആദ്യം കൗതുകമായി. തീരദേശ പോലീസ് സ്റ്റേഷന്‍ മുതല്‍ അഴിമുഖത്തെ പുലിമുട്ട് വരെ ചാകര കാണാനായി. സാന്‍റ് ബാങ്ക്‌സിലെത്തിയ സഞ്ചാരികളും നാട്ടുകാരും തീരത്തടിഞ്ഞ മത്തി ശേഖരിക്കാന്‍ ആവേശത്തോടെ എത്തിയിരുന്നു. ഏറെ കാലത്തിന് ശേഷം ലഭിച്ച മത്തിചാകര മത്സ്യതൊഴിലാളികള്‍ക്കും ആശ്വാസമായി. മീന്‍ പിടിക്കാനായി മത്സ്യതൊഴിലാളികള്‍ കടലിലേക്ക് ഇറങ്ങി.
ചാകര ഉണ്ടെന്ന വിവരം അറിഞ്ഞെത്തിയവര്‍ ഉള്‍പ്പെടെ വന്നവരെല്ലാം ആവശ്യത്തിന് മത്തിയുമായാണ് തീരത്ത് നിന്ന് മടങ്ങിയത്. കഴിഞ്ഞ ദിവസം തിക്കോടി കോടിക്കല്‍ ബീച്ചിലും പയ്യോളി ആവിക്കലിലും ചാകര ദൃശ്യമായിരുന്നു. മത്സ്യലഭ്യത തിരിച്ചറിഞ്ഞതോടെ അയനിക്കാട് മുതല്‍ വടകര വരെ നിരവധി മത്സ്യബന്ധന ബോട്ടുകളാണ് എത്തിയത്.