*പാലക്കാട്:* കോളജ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പാലക്കാട് സ്വദേശി കോഴിക്കോട് അറസ്റ്റിൽ. മാവൂർ പൊലീസാണ് മങ്കര സ്വദേശി കാളിദാസനെ പീഡനശ്രമത്തിന് അറസ്റ്റ് ചെയ്തത്.
ഇൻസ്റ്റാൾമെൻറ് വ്യവസ്ഥയിൽ വീടുകളിൽ അലുമിനിയം പാത്രങ്ങൾ എത്തിച്ച് വിൽപ്പന നടത്തുന്ന ആളാണ് കാളിദാസൻ. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മാവൂരിലെ ഒരു വീട്ടിൽ പാത്രങ്ങളുമായി എത്തിയപ്പോഴായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
പെൺകുട്ടി ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കിയ പ്രതി വീട്ടിൽ കയറി ഉപദ്രവിക്കാൻ ശ്രമിച്ചു. രക്ഷപ്പെടാനുള്ള ശ്രമത്തിൽ പെൺകുട്ടിയുടെ തലയ്ക്ക് പരുക്കേറ്റു. പെൺകുട്ടിയെ ചെറുത്തുനിന്നതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ വിവരമറിയിച്ച ഉടൻതന്നെ മാവൂർ പൊലീസ് അന്വേഷണം തുടങ്ങി.
സൈബർ സെല്ലിൻറെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കുറ്റിക്കാട്ടൂരിലെ വാടക റൂമിൽ നിന്നും പ്രതിയെ പിടിക്കൂടുകയായിരുന്നു. അതേസമയം ഇയാൾ സമാന സ്വഭാവമുള്ള മറ്റു കേസുകളിൽ പ്രതിയാണോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.