നിറയെ തത്തകളുള്ള മരം : കാരുണ്യം തിരഞ്ഞൊരു തോണിയാത്ര








( ഒരു ജയരാജ് ചിത്രത്തെക്കുറിച്ച്)

✒️കെ. ആര്‍. മോഹന്‍ദാസ്

 കോട്ടയം: സമൂഹത്തിൽ നിന്ന് മെല്ലെ മെല്ലെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കാരുണ്യം എന്ന സാമൂഹ്യനന്മയെ ഒരു കുട്ടിയിലൂടെ പ്രകാശിപ്പിക്കുന്ന ചിത്രമായ ജയരാജിന്‍റെ നിറയെ തത്തകളുള്ള മരം, പ്രേക്ഷകരുടെ ഉള്ളുലയ്ക്കുന്ന ദൃശ്യാനുഭവമായിരുന്നു.

ജയരാജ് രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രം സമൂഹത്തിനു നേർക്ക് നിരവധി ചോദ്യ ശരങ്ങൾ ഉയർത്തുന്നുണ്ട്. സഹാനുഭൂതിയും ദയയും കരുതലും നല്‍കാനുള്ള കഴിവ് നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്ന സ്നേഹശൂന്യമായ ആധുനിക സമൂഹത്തെക്കുറിച്ചുള്ള ആകുലതകള്‍ ഈ ചിത്രം പ്രേക്ഷകരുമായി പങ്കുവെക്കുന്നുവെന്നത് വളരെ ശ്രദ്ധേയമാണ്.
എട്ടു വയസ്സുള്ള പൂഞ്ഞാൻ എന്ന ബാലനാണ് 
ഈ ചിത്രത്തിലെ നായകകഥാപാത്രം.
മക്കളാൽ ഉപേക്ഷിക്കപ്പെട്ട അന്ധനായ ഗീവർഗീസ് എന്ന വൃദ്ധനെ അയാളുടെ വീട്ടിലെത്തിക്കാൻ തുനിഞ്ഞിറങ്ങുന്ന പൂഞ്ഞാൻ എന്ന ബാലന്‍റെ യാത്രയാണ് നിറയെ തത്തകളുള്ള മരം അതി മനോഹരമായി പറയുന്നത്.

കുമരകവും വേമ്പനാട്ടുകായലും ഗ്രാമീണ ഭംഗികളും ചിത്രത്തിൽ മനോഹരമായി ഇഴ പാകിയിട്ടുണ്ട്
അന്ധനായ ഗീവർഗീസിന് വീടിനെക്കുറിച്ച് ആകെ അറിയാവുന്ന അടയാളം വീട്ടിലെ നിറയെ തത്തകളുള്ള മരമാണ്. സദാ ചിലച്ചു കൊണ്ടിരിക്കുന്ന തത്തകളെക്കുറിച്ചുള്ള ഓർമകൾ അയാൾ പൂഞ്ഞാൻ എന്ന ബാലനുമായി പങ്കിടുന്നു.

ഒരു ചെറിയ വഞ്ചിയിൽ ജീവിതത്തിന്റെ രണ്ട് വ്യത്യസ്ത ധ്രുവങ്ങൾ പോലെ ഒരു ബാലനും ഒരു കിഴവനും സഞ്ചരിക്കുന്നു. 

ഹെമിംഗ് വേയുടെ കിഴവനും കടലും എന്ന നോവലിലെ സാന്തിയാഗോ എന്ന നായകനോടാണ് ഗീവർഗീസ് പൂഞ്ഞാനെ താരതമ്യം ചെയ്യുന്നത്. ഒരിക്കലും തോൽക്കാൻ തയ്യാറാകാത്ത സാന്തിയാഗോ.
യാത്രക്കൊടുവിൽ അവർ ഇരുവരും നിറയെ തത്തകളുള്ള മരവും ആ വീടും കണ്ടെത്തുന്നു. 

ഗീവർഗീസിന്‍റെ മകനും ഭാര്യയും അയാളെ ആലിംഗനം ചെയ്ത് സ്വീകരിക്കുന്നു.
പൂഞ്ഞാന് അവർ മധുരം വിളമ്പുന്നു. അവൻ അത് സ്വീകരിക്കുന്നില്ല. അവിടെ അവന് ഒരു പന്തികേടാണ് അനുഭവപ്പെട്ടത്.

അപ്പനെ ഇനി അയാൾ മടങ്ങി വരാൻ സാധ്യതയില്ലാത്ത എവിടെയെങ്കിലും ഉപേക്ഷിക്കണം എന്ന് മരുമകൾ പറയുന്നതും ബാംഗ്ലൂരാണ് അതിന് നല്ലത് എന്ന് മകൻ മറുപടി പറയുന്നതും പൂഞ്ഞാൻ കേൾക്കുന്നു.

പൂഞ്ഞാൻ വൃദ്ധനോടു യാത്ര പറയാനെത്തുമ്പോൾ ഗീവർഗീസ് അയാളുടെ ഓടക്കുഴൽ അവന് നൽകുന്നു. അപ്പൂപ്പന് വായിക്കാൻ വച്ചോളൂ എന്ന് പറഞ്ഞ് അവൻ ഓടക്കുഴൽ ഗീവർഗീസിനു തിരികെ നൽകുന്നു. 
അതിന് വൃദ്ധന്‍റെ മറുപടി ഹൃദയ സ്പർശിയായിരുന്നു.
 സന്തോഷം വരുമ്പോൾ മാത്രമേ ഞാൻ ഓടക്കുഴൽ വായിക്കുകയൊള്ളൂ- ഈ മറുപടിയിൽ വാർദ്ധകൃത്തിന്റെ നിസ്സഹായത നിറഞ്ഞു തുളുമ്പുന്നുണ്ട്. 

ഓടക്കുഴൽ വാങ്ങി വള്ളത്തിലേക്ക് കയറാൻ പോകുന്ന പൂഞ്ഞാനെ വൃദ്ധൻ തിരികെ വിളിക്കുന്നു.
അയാൾ ആ കുട്ടിയെ കെട്ടിപ്പിടിക്കുന്നു.

ശേഷിക്കുന്ന ജീവിത കാലത്ത് എന്നുമെനിക്കോർമ്മിക്കാൻ നിന്റെ ഗന്ധം മാത്രം മതി എന്ന വൃദ്ധന്റെ സംഭാഷണം ഉള്ളുലയ്ക്കുന്നതാണ്.

പൂഞ്ഞാൻ വൃദ്ധനെ വിളിക്കുന്നു :

വരൂ അപ്പൂപ്പാ നമുക്കു പോകാം.
അവൻ വൃദ്ധനെ വള്ളത്തിലേക്ക് കൈപിടിച്ചു കയറ്റുന്നു.
വള്ളത്തിൽ ഇരിക്കുന്ന വൃദ്ധൻ ഓടക്കുഴൽ വായിക്കാനെടുക്കുന്നു. അവർ നിറയെ തത്തകളുള്ള മരമുള്ള ആ വീടിനോട് യാത്ര പറയുന്നു.
മാസ്റ്റർ ആദിത്യൻ, നാരായൺ ചെറുപുഴ എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

52-ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ (ഐഎഫ്എഫ്ഐ) യിൽ ഇടം നേടിയ ചലച്ചിത്രമാണിത്.

1990ൽ വിദ്യാരംഭം എന്ന സിനിമയിൽ തുടക്കം, മൂന്ന് പതിറ്റാണ്ടുകാലം നീണ്ടുനിന്ന ചലച്ചിത്ര സപര്യയിലൂടെ അമ്പതോളം ചിത്രങ്ങൾ. കുടുംബ ചിത്രം, ആക്ഷൻ ചിത്രം, മ്യൂസിക്കൽ ത്രില്ലർ, നിലവാരമുള്ള ഫിലിം ഫെസിറ്റിവൽ ചിത്രം തുടങ്ങിയ വ്യത്യസ്ത കാറ്റഗറിയിലുമുള്ള സിനിമകൾ എടുക്കാന്‍ കഴിഞ്ഞ സംവിധായകനാണ് ജയരാജ്. മലയാളത്തിലെ ഒരു സംവിധായകനും ഈ വൈവിധ്യം അവകാശപ്പെടാനാവില്ല എന്നത് പച്ചയായ യാഥാര്‍ത്ഥ്യമാണ്..


أحدث أقدم