വെബ് ടീം : നീണ്ട നാളെത്തെ ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയനടന് ശ്രീനിവാസന് വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തി.നവാഗതനായ ജയലാല്‍ ദിവാകരന് സംവിധാനം ചെയ്യുന്ന 'കുറുക്കന്' എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസനന്റെ തിരിച്ചുവരവ്. മകന് വിനീത് ശ്രീനിവാസന്, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എറണാകുളം സെന്റ് ആൽബർട്ട് സ്കൂൾ കാമ്പസ്സിൽ വെച്ച് നടന്ന ചടങ്ങിൽ ലോക്നാഥ് ബഹ്റ ഐപിഎസ് സ്വിച്ചോൺ കര്‍മ്മം നിര്‍വഹിച്ചു. പ്രശസ്ത സംവിധായകൻ എം മോഹൻ ഫസ്റ്റ് ക്ലാപ്പടിച്ച് ചിത്രീകരണത്തിന് തുടക്കമിട്ടു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അഭിനയരംഗത്ത് നിന്ന് ഏറെ നാളുകളായിവിട്ടു നിൽക്കുകയായിരുന്നു ശ്രീനിവാസൻ. കുറുക്കനില്‍ ശക്തമായ കഥാപാത്രവുമായാണ് ശ്രീനിവാസന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.ചിത്രീകരണത്തിന്റെ ആദ്യ ദിവസം വിനീതിനും ഭാര്യക്കുമൊപ്പമാണ് ശ്രീനിവാസന് സെറ്റിലെത്തിയത്. മേക്കപ്പിട്ട ശേഷം സഹപ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്നു. നടക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ കാറിലാണ് കാരവനിലേക്കും സെറ്റിലേക്കുമുള്ള യാത്ര. ശ്രീനിവാസനെ മനസിൽ കണ്ടെഴുതിയ കഥയാണെന്നും ചിത്രീകരണം തുടങ്ങാൻ അദ്ദേഹത്തെ കാത്തിരിക്കുകയായിരുന്നെന്നും സംവിധായകൻ ജയലാൽ ദിവാകരൻ പറഞ്ഞു.ഫണ്‍ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായ കുറുക്കനില്‍ സുപ്രധാന വേഷമാണ് ശ്രീനിവാസന്. ഇരുപത് ദിവസം ചിത്രീകരണ സംഘത്തിനൊപ്പം ശ്രീനിവാസനുണ്ടാകും. സുധീര്‍ കരമന, ശ്രീകാന്ത് മുരളി, ജോജി ജോണ്‍, അശ്വത് ലാല്‍, മാളവികാ മേനോന്, ഗൗരി നന്ദ, ശ്രുതി ജയന്, അസീസ് നെടുമങ്ങാട്, അഞ്ജലി സത്യനാഥ്, അന്‍സിബാ ഹസ്സന്, ബാലാജി ശര്‍മ്മ, കൃഷ്ണന് ബാലകൃഷ്ണന്, നന്ദന് ഉണ്ണി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാസുബൈറാണ് ചിത്രം നിര്‍മ്മിക്കുന്നത്. കഴിഞ്ഞ ദിവസം യുവ നിർമാതാവ് വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹ ചടങ്ങിലും ശ്രീനിവാസന് കുടുംബ സമേതം പങ്കെടുത്തു. നടന് മോഹന്‍ലാലിനും നിര്‍മ്മാതാവ് സുരേഷ് കുമാറിനുമൊപ്പം ഇരുന്ന് പൊട്ടിച്ചിരിക്കുന്ന ശ്രീനിവാസന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടിയിരുന്നു.
അടുത്തിടെ സ്വകാര്യ ടിവി ചാനല്‍ സംഘടിപ്പിച്ച ഷോയില്‍ ശ്രീനിവാസന് പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ ഏറെ സന്തോഷത്തോടെയാണ് മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്തത്. വേദിയിലെത്തിയ ശ്രീനിവാസന് മോഹന്‍ലാല്‍ സ്നേഹചുംബനം നല്കിയ നിമിഷം മലയാള സിനിമ ലോകം അടുത്തിടെ കണ്ട ഏറ്റവും മനോഹരമായ ദൃശ്യങ്ങളിലൊന്നായിരുന്നു. ആരോഗ്യം വീണ്ടെടുത്ത് അദ്ദേഹം വീണ്ടും സിനിമയില്‍ സജീവമാകട്ടെയെന്ന ആരാധകരുടെ പ്രാര്‍ത്ഥനയ്ക്ക് പിന്നാലെയാണ് കുറുക്കനിലൂടെ ശ്രീനിവാസന് മടങ്ങിയെത്തിയത്.
ജിബു ജേക്കബ് ഛായാഗ്രഹണം നിർവഹിക്കുന്നു. മനോജ് റാം സിംഗ് തിരക്കഥ സംഭാഷണമെഴുതുന്നു. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഉണ്ണി ഇളയരാജാ സംഗീതം പകരുന്നു.എഡിറ്റിംഗ്- രഞ്ജന്‍ ഏബ്രഹാം, പ്രൊഡക്ഷന്‍ ഡിസൈനര്‍-ജോസഫ് നെല്ലിക്കല്‍,കോസ്റ്റ്യൂം-സുജിത് മട്ടന്നൂര്‍, മേക്കപ്പ്-ഷാജി പുല്‍പ്പള്ളി, അസ്സോസ്സിയേറ്റ് ഡയറക്ടര്‍-അനീവ് സുകുമാരന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷെമീജ് കൊയിലാണ്ടി,പി ആർ ഒ- എ എസ് ദിനേശ്.