ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീഷണി സന്ദേശം. മുംബൈ പൊലീസിന്റെ ട്രാഫിക് വിഭാഗത്തിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. പ്രധാനമന്ത്രിയെ കൊലപ്പെടുത്താനായി അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി രണ്ടുപേരെ നിയോഗിച്ചതായി, ഓഡിയോ ക്ലിപ്പില്‍ വ്യക്തമാക്കുന്നു.
മുംബൈ ട്രാഫിക് പൊലീസിന്റെ വാട്‌സ്ആപ്പ് നമ്പറിലേക്കാണ് ശബ്ദസന്ദേശം എത്തിയത്. ഹിന്ദി ഭാഷയിലുള്ള ഭീഷണി സന്ദേശമാണ് ലഭിച്ചതെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുസ്തഫ അഹമ്മദ്, നവാസ് എന്നീ കൊലയാളികളെ അയച്ചിട്ടുണ്ടെന്നാണ് സന്ദേശത്തില്‍ പറയുന്നത്.
ഓഡിയോ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മുംബൈ പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം അന്വേഷണം ഏറ്റെടുത്തതായാണ് റിപ്പോര്‍ട്ട്. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തില്‍ റാലികളില്‍ പങ്കെടുത്തു വരികയാണ്.