വയനാട്ടില്‍ ചിലയിടങ്ങളില്‍ വളര്‍ത്തുനായ്ക്കള്‍ അടക്കം പ്രത്യേക രോഗം ബാധിച്ച് ചത്ത് വീഴുന്നതില്‍ ആശങ്ക. വൈറസ് രോഗം ബാധിച്ച് കണിയാമ്പറ്റ പഞ്ചായത്തിന്‍റെ വിവിധയിടങ്ങളിലായി നിരവധി വളര്‍ത്തുനായകളും തെരുവ് നായ്ക്കളുമാണ് കൂട്ടത്തോടെ ചത്തൊടുങ്ങിയത്. ശരീരമാസകലം വിറച്ചും മൂക്ക്, വായ എന്നിവയില്‍ നിന്നും നുരയും പതയും വന്നുമാണ് നായ്ക്കള്‍ ചാകുന്നത്. രോഗ ലക്ഷണം തുടങ്ങിയാല്‍ ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടാകുകയും ശരീരം തളര്‍ന്ന് മരണം സംഭവിക്കുകയുമാണ്. രോഗം ബാധിച്ച ചില നായകള്‍ക്ക് ഛര്‍ദിയും ചുമയും വയറിളക്കവും അനുഭവപ്പെട്ടതായും നാട്ടുകാര്‍ പറയുന്നു.ചുറുചുറുക്കോടെ വീട്ടില്‍ വളര്‍ത്തുന്നതും തെരുവില്‍ ജീവിച്ചിരുന്നതുമായ നായ്ക്കള്‍ പൊടുന്നനെ രോഗത്തിന് കീഴ്പ്പെട്ട് ചാവുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കമ്പളക്കാട് മാത്രം അഞ്ചിലേറെ നായ്ക്കള്‍ ചത്തതായി നാട്ടുകാര്‍ പറയുന്നു. കണിയാമ്പറ്റയിലും മൃഗാശുപത്രിക്കവലയിലും കഴിഞ്ഞ ദിവസങ്ങളിലായി സമാനരീതിയില്‍ നായകള്‍ ചത്തു വീണു. വഴിയോരങ്ങളിലും ബസ് സ്റ്റാന്‍ഡ് പരിസരങ്ങളിലും കടത്തിണ്ണകളിലും ഇത്തരത്തില്‍ രോഗം ബാധിച്ച നായകളെ കണ്ടതായി കച്ചവടക്കാരും ചൂണ്ടിക്കാട്ടി. വ്യാപകമായി നായകള്‍ ചാകാന്‍ തുടങ്ങിയതോടെ ഭീതിയിലായ ജനം മൃഗാശുപത്രികളിലും പഞ്ചായത്തിലും പരാതിയുമായെത്തുകയാണ്.പരിശോധനയില്‍ വായുവിലൂടെ പകരുന്ന ‘ക്‌നൈന്‍ ഡിസ്റ്റംബര്‍’ (Canine distemper) എന്ന വൈറസ് രോഗബാധയാണ് നായകള്‍ ചാകാന്‍ കാരണമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മൃഗസംരക്ഷണ വകുപ്പ് പരിശോധന നടത്തിയതില്‍ നിന്നാണ് ഇക്കാര്യം ബോധ്യപ്പെട്ടിരിക്കുന്നത്.
നായകള്‍ക്ക് പുറമെ കുറുനരി, കുറുക്കന്‍, സിംഹം, മരപ്പട്ടി തുടങ്ങിയ മൃഗങ്ങളെ ബാധിക്കുന്ന രോഗമാണിത്. ക്‌നൈന്‍ ഡിസ്റ്റംബര്‍ രോഗത്തിന് പ്രതിരോധ കുത്തിവെപ്പ് എടുക്കുക മാത്രമാണ് പ്രതിവിധിയെന്നാണ് മൃഗസംരക്ഷണ വകുപ്പിന്‍റെ വിശദീകരണം. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ജില്ലയുടെ മറ്റു ഭാഗങ്ങളിലും നായകള്‍ക്ക് സമാന രോഗബാധ ഉണ്ടായതായി മൃഗസംരക്ഷണവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. അതേ സമയം ഒരിടവേളക്ക് ശേഷം തെരുവ്‌നായ്ക്കളുടെ ശല്യം ജില്ലയില്‍ കുറഞ്ഞു. വന്ധ്യംകരണം അടക്കമുള്ള മുന്‍കരുതല്‍ നടപടികളുമായി തദ്ദേശസ്ഥാപനങ്ങള്‍ മുന്നില്‍ തന്നെയുണ്ട്.