മെഡിക്കൽ കോളേജിൽ വർഷങ്ങളായി വിവിധ വിഭാഗങ്ങളിൽ ജോലി ചെയ്ത കുടുംബശ്രീക്കാർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള സ്ഥിരനിയമനം വന്നതോടെ പുറത്തായിരുന്നു. 178 പേരെയാണ് ഇത്തരത്തിൽ എംപ്ലോയ്മെന്റ് വഴി നിയമിച്ചത്. ഈ നിയമനം കഴിഞ്ഞ് ബാക്കിയുള്ള ഒഴിവുകളിലേക്കും, ആശുപത്രിയിലെ മറ്റ് ഒഴിവുകളിലേക്കും ഈ താൽക്കാലികക്കാരെ വീണ്ടും എത്തിക്കാനാണ് നീക്കം. റാങ്ക് ലിസ്റ്റിലെ ബാക്കിയുള്ളവർ കാത്തു നിൽക്കുമ്പോഴാണിത്. പിരിച്ചുവിട്ട കുടംബശ്രീക്കാരെ പുനരധിവസിപ്പിക്കാൻ, ഇവർക്ക് തന്നെ മുൻഗണനാ അടിസ്ഥാനത്തിൽ നിയമനം നൽകണമെന്നാണ് ഒക്ടോബർ 1ന് എക്സിക്യുട്ടീവ് കമ്മിറ്റി നിർദേശം നൽകിയത്. 11 അജണ്ടകളിൽ അവസാനത്തേതായി, കുടുംബശ്രീ വിഷയമെന്ന് മാത്രം രേഖപ്പെടുത്തിയ അജണ്ടയാണ് യോഗം ആദ്യം ചർച്ച ചെയ്തതും തീരുമാനമെടുത്തതും. എംഎൽഎ കടകംപള്ളി സുരേന്ദ്രനും ഡി.ആർ.അനിലും ചേർന്നുള്ള നീക്കത്തിൽ യോഗത്തിൽ തന്നെ എതിർപ്പുയർന്നിരുന്നു.
കുടുംബശ്രീക്കുള്ള വേതനം, ഇവരെയേൽപ്പിക്കുന്ന ഡോർമിറ്ററി, കഫറ്റീരിയ അടക്കമുള്ളവയുടെ നടത്തിപ്പ് വരുമാനത്തിൽ നിന്ന് നൽകാനായിരുന്നു നിർദേശം. സിപിഎമ്മിന്റെ തുടരെയുള്ള സമ്മർദം നിലനിൽക്കുന്നുണ്ടെങ്കിലും, താൽക്കാലികക്കാരെ വീണ്ടും നിയമിക്കാനുള്ള നീക്കത്തിന് ഇതുവരെ അധികൃതർ വഴങ്ങിയിട്ടില്ല. ആശുപത്രി എക്സിക്യുട്ടീവ് സമിതിയംഗമല്ലാത്ത വാർഡ് കൗൺസിലർ ഈ യോഗത്തിൽ പങ്കെടുത്തതും വിവാദമാവുകയാണ്. എന്നാൽ ക്ഷണം കിട്ടിയത് കൊണ്ടാണ് പങ്കെടുത്തതെന്ന് കൗൺസിലർ ഡി.ആർ.അനിൽ വിശദീകരിക്കുന്നു. കാലങ്ങളായി താൽക്കാലികക്കാരായി മികച്ച സേവനം ചെയ്തവർക്ക് വീണ്ടും അവസരം നൽകാൻ നിർദേശിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഇക്കാര്യത്തിൽ സിപിഎം വിശദീകരണം.