ഇടുക്കി : ഇടുക്കി ഏലപ്പാറ സ്കൂളിൽ നിന്ന് കാണാതായ രണ്ട് കുട്ടികളെയും കണ്ടെത്തി. കട്ടപ്പനയിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ഇടുക്കി ചപ്പാത്ത് ആറാം മൈൽ സ്വദേശി ജെയിംസിൻറെ മകൾ അർച്ചന, ചീന്തലാർ സ്വദേശി രാമചന്ദ്രന്റെ മകൾ അഹല്യ എന്നിവരെയാണ് കണ്ടെത്തിയത്. ഏലപ്പാറ പഞ്ചായത്ത് ഹൈസ്കുളിൽ പഠിക്കുന്ന ഇരുവരെയും തിങ്കളാഴ്ച മുതൽ കാണാനില്ലായിരുന്നു. പത്തിലും ഒമ്പതിലും പഠിക്കുന്ന ഇവർ തിങ്കളാഴ്ച രാവിലെ സ്കൂളിലേക്ക് പോയതായിരുന്നു.സ്കൂളിൽ രാവിലെ ഹാജരെടുത്ത ശേഷം വരാത്ത കുട്ടികളുടെ വിവരം രക്ഷിതാക്കളെ അറിയിക്കും. തിങ്കളാഴ്ച ക്ലാസ് ടീച്ചർ ഹാജർ എടുത്ത ശേഷം രക്ഷിതാക്കളുമായി ഫോണിൽ ബന്ധപ്പെട്ടു. കുട്ടികൾ പതിവ് പോലെ സ്കൂളിലേക്ക് പോയിട്ടുണ്ടെന്നാണ് രക്ഷിതാക്കൾ അറിയിച്ചത്.
ഉടൻ തന്നെ സ്കൂൾ അധികൃതർ അന്വേഷണം ആരംഭിച്ചു. പീരുമേട് പൊലീസിലും വിവരം അറിയിക്കുകയും ചെയ്തു. പൊലീസ് സ്കൂളിലെത്തി വിവരങ്ങൾ തിരക്കി. കാണാതായ കുട്ടികൾ രാവിലെ എട്ടരയോടെ ഏലപ്പാറയിലെത്തിയത് കണ്ടതായി സഹപാഠികൾ സ്കൂളധികൃതരോട് പറഞ്ഞു. ഒരാൾ യൂണിഫോമും മറ്റെയാൾ സാധാരണ വസ്ത്രവുമാണ് അണിഞ്ഞിരുന്നതെന്നും കുട്ടികൾ പറഞ്ഞു. രണ്ടുപേരും താമസിക്കുന്നത് ഉപ്പുതറ പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് ഉപ്പുതറ പൊലീസ് ഏറ്റെടുത്ത് അന്വേഷണം ഊർജ്ജിതമാക്കുകയായിരുന്നു. കുട്ടികൾ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളും പരിചയക്കാരുടെ വീടുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് ഒടുവിലാണ് ഇരുവരെയും കട്ടപ്പനയിൽ നിന്ന് കണ്ടെത്തിയത്.