വനിതാ ഹോസ്റ്റലിലെ കുളിമുറിയിൽ മൊബൈൽ ഫോൺ… പ്രതിയ്‌ക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

 തിരുവനന്തപുരം :വനിതാ ഹോസ്റ്റലിലെ കുളിമുറിയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് ദൃശ്യം പകർത്തിയതായി പരാതി. 

നഗരത്തിലെ ഈഞ്ചയ്ക്കൽ കാരാളി ഭാഗത്തെ സ്വകാര്യ ഹോസ്റ്റലിലാണ് സംഭവം. പരാതിയെ തുടർന്ന് വഞ്ചിയൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസമാണ് ഹോസ്റ്റലിലെ പെൺകുട്ടിയ്ക്ക് ദുരനുഭവമുണ്ടായത്. കുളിമുറിയിൽ വിദ്യാർത്ഥിനി കയറിയപ്പോൾ വെന്റിലേറ്ററിന് സമീപം ഫ്ളാഷ് ലൈറ്റ് തെളിഞ്ഞ് മൊബൈൽ ഫോൺ ഇരിക്കുന്നത് കണ്ടു. 

പെൺകുട്ടി ബഹളം വെച്ചതോടെ മൊബൈലുമായി ഒരാൾ ഓടി പോകുന്നതായി കണ്ടെന്നുമാണ് പരാതിയിൽ പറയുന്നത്. ഓടി രക്ഷപ്പെട്ടയാളെ പരാതിക്കാരിയായ പെൺകുട്ടി കണ്ടിട്ടില്ല.

തുടർന്ന് പോലീസെത്തി അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. സംഭവസ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. സമീപത്തെ കടകളിലെയും ഹോസ്റ്റലിലെയും സിസിടിവിദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.
أحدث أقدم