സ്വന്തം വീടിനു മുന്നില്‍ 'മുഖംമറച്ച് തലകുനിച്ച്' ഗ്രീഷ്മ; വീട്ടുവളപ്പില്‍ തടിച്ചുകൂടി പ്രദേശവാസികള്‍


തിരുവനന്തപുരം: ഷാരോണ്‍ കൊലക്കേസില്‍ തെളിവെടുപ്പിനായി മുഖ്യപ്രതി ഗ്രീഷ്മയെ രാമവര്‍മ്മന്‍ചിറയിലെ വീട്ടിലെത്തിച്ചു. രാവിലെ പത്തരയോടെയാണ് പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. പോലീസ് വാഹനത്തില്‍ മുഴുവന്‍ സമയവും മുഖംമറച്ച് തലകുനിച്ചായിരുന്നു ഗ്രീഷ്മയുടെ ഇരിപ്പ്. തുടര്‍ന്ന്, ഗ്രീഷ്മയെ വീടിനകത്തേക്ക് കൊണ്ടുപോയി തെളിവെടുപ്പ് ആരംഭിച്ചു. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ രാമവര്‍മന്‍ചിറയിലെ വീട്ടിലെത്തിയാണ് തെളിവെടുപ്പ് നടത്തിയത്. വീടും പരിസരവും കനത്ത പൊലീസ് സുരക്ഷയിലാണ്. തമിഴ്‌നാട് പോലീസും കേരള പോലീസും ചേര്‍ന്നാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. തെളിവെടുപ്പിനായി ഗ്രീഷ്മയെ എത്തിച്ചതറിഞ്ഞ് പ്രദേശവാസികള്‍ ഒന്നാകെ വീടിന് സമീപത്തായി എത്തിച്ചേര്‍ന്നിരിക്കുകയാണ്. എന്നാല്‍, തമിഴ്‌നാട് പോലീസ് ഇടപെട്ട് ഇവരെയെല്ലാം സ്ഥലത്തുനിന്ന് മാറ്റി.


അതിനിടെ, ജ്യൂസ് ചലഞ്ച് നടത്തിയതും ഷാരോണിനെ കൊല്ലാന്‍ വേണ്ടിയായിരുന്നുവെന്ന് ഗ്രീഷ്മയുടെ മൊഴി. ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ നടത്തിയ വിശദമായ ചോദ്യം ചെയ്യലിനിടെ ഗ്രീഷ്മ ഇക്കാര്യം സമ്മതിക്കുകയായിരുന്നു. പലവതണ ജ്യൂസില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതായും ഗ്രീഷ്മ മൊഴിനല്‍കി. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ തമ്മില്‍ കാണുമ്പോഴെല്ലാം ഗ്രീഷ്മ ജ്യൂസ് ചലഞ്ച് എന്ന പേരില്‍ ഷാരോണിന് ശീതളപാനീയം നല്‍കാറുണ്ടായിരുന്നു. രണ്ടുപേര്‍ക്കുമുള്ള ജ്യൂസ് ഗ്രീഷ്മ തന്നെ കൈയില്‍ കരുതും. ഇതില്‍ നിറവ്യത്യാസം ഉള്ളതാണ് ഷാരോണിന് നല്‍കാറുള്ളത്.


ഇതിന്റെ ദൃശ്യങ്ങള്‍ ഷാരോണിന്റെ ഫോണില്‍ നിന്ന് ബന്ധുക്കള്‍ക്ക് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഷാരോണിന്റെ മരണത്തില്‍ ജ്യൂസിനും കഷായത്തിനും പങ്കുള്ളതായി ബന്ധുക്കളും സുഹൃത്തുക്കളും സംശയിക്കുന്നത്. എന്നാല്‍ ഇതിനെക്കുറിച്ച് ഷാരോണിന്റെ മരണമൊഴിയില്‍ പറഞ്ഞിരുന്നില്ല. ഷാരോണിന് കഷായവും ജ്യൂസും നല്‍കിയതിന്റെ കൂടുതല്‍ തെളിവുകള്‍ ഗ്രീഷ്മയുടെ വീട്ടില്‍ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

അതേസമയം, ഗ്രീഷ്മയെ വീട്ടിലെത്തിച്ച് തെളിവെടുക്കാന്‍ ഒരുങ്ങുന്നതിനിടെ സീല്‍ ചെയ്ത വാതില്‍ തകര്‍ത്ത് അജ്ഞാതന്‍ അകത്ത് കയറിയത് സംഭവത്തില്‍ തമിഴ്നാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഗ്രീഷ്മയെയും അമ്മയെയും അമ്മാവനെയും നേരിട്ട് എത്തിച്ച് തെളിവെടുക്കാനിരിക്കെയാണ് വീടിന്റെ പൂട്ട് തകര്‍ത്ത് ആരോ അകത്ത് കയറിയത്. കൃത്യം നടന്ന സ്ഥലമായത് കൊണ്ട് തന്നെ സീല്‍ ചെയ്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. സീലും പൂട്ടും തകര്‍ത്താണ് അജ്ഞാതന്‍ അകത്ത് കയറിയത്. ഇതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു.
أحدث أقدم