വെള്ളാപ്പള്ളി നടേശൻ്റെ മകൻ തുഷാർ വെള്ളാപ്പള്ളിക്ക് കുരുക്കായി ഫോൺ സംഭാഷണം; തുഷാർ വെള്ളാപ്പള്ളിയുടെ ശബ്ദരേഖ അടങ്ങുന്ന വീഡിയോ പുറത്തുവിട്ട് ടി ആർ എസ്; അറസ്റ്റ് ഉടനെന്ന് സൂചനകൾ



ഹൈദരാബാദ്: തെലങ്കാനയില്‍ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു ഉയര്‍ത്തിയ ‘ഓപ്പറേഷന്‍ കമലം’ സംബന്ധിച്ച തെളിവുകള്‍ പുറത്തുവിടണമെന്ന വെല്ലുവിളികള്‍ക്ക് പിന്നാലെ ഓഡിയോ സന്ദേശം അടക്കം പുറത്തുവിട്ട് ടിആര്‍എസ് നേതൃത്വം. ടിആര്‍എസ് എംഎല്‍എമാരുമായി തുഷാര്‍ വെള്ളാപ്പള്ളി സംസാരിച്ചെന്ന് അവകാശപ്പെടുന്ന ഓഡിയോ സന്ദേശം അടക്കമാണ് പുറത്തുവിട്ടത്. ബിജെപി ജനറല്‍ സെക്രട്ടറി ബി.എല്‍.സന്തോഷുമായി സംസാരിക്കാന്‍ അവസരം ഒരുക്കി നല്‍കാമെന്നാണ് ഒരു വീഡിയോയില്‍ പറയുന്നത്
വ്യാഴാഴ്ച അപ്രതീക്ഷിത പത്രസമ്മേളനം വിളിച്ചാണ് തെലങ്കാന മുഖ്യമന്ത്രി തുഷാര്‍ വെള്ളപ്പള്ളിക്കും ബിജെപി ദേശീയ നേതൃത്വത്തിനും എതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. ടി.ആര്‍.എസ്. എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ബിജെപി ശ്രമിച്ചുവെന്നും തുഷാര്‍ വെള്ളാപ്പള്ളിയാണ് ഇതിന് ഇടനിലക്കാരനായതെന്നുമാണ് ആരോപണം. എന്നാല്‍ ആരോപണം നിഷേധിച്ച്‌ ബിജെപിയും തുഷാര്‍ വെള്ളാപ്പള്ളിയും രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് അട്ടിമറി ശ്രമത്തിന്റേതെന്ന് അവകാശപ്പെടുന്ന വീഡിയോകളും ശബ്ദ സന്ദേശങ്ങളും ചന്ദ്രശേഖര റാവുവിന്റെ പാര്‍ട്ടി പുറത്തുവിട്ടത്
തുഷാര്‍ ഇടനിലക്കാരനാണെന്നും അദ്ദേഹത്തിന് അമിത് ഷായുമായി അടുത്ത ബന്ധമുണ്ടെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ചന്ദ്രശേഖര റാവു ചിത്രങ്ങളടക്കം ഉയര്‍ത്തിക്കാട്ടിയിരുന്നു. തന്റെ കൈയില്‍ തെളിവുകള്‍ ഉണ്ടെന്ന് പറഞ്ഞതിന് പിന്നാലെയാണ് ഫോണ്‍ സംഭാഷണം പുറത്തുവന്നത്. ടി.ആര്‍.എസ് സോഷ്യല്‍മീഡിയ കണ്‍വീനര്‍ വൈ.എസ്.സതീശ് റെഡ്ഡിയാണ് ഓഡിയോ സന്ദേശം ട്വിറ്ററില്‍ പുറത്തുവിട്ടത്. രാഹുല്‍ ഗാന്ധിക്കെതിരെ വയനാട്ടില്‍ മത്സരിച്ച തുഷാര്‍ അമിത് ഷായുടെ അടുത്ത അനുയായി ആണെന്നും സതീശ് റെഡ്ഡി ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.
ബിജെപി ചാടിക്കാന്‍ ശ്രമിച്ചുവെന്ന് പറയുന്ന നാലു ടി.ആര്‍.എസ് എംഎല്‍എമാരില്‍ ഒരാളുമായിട്ടാണ് തുഷാര്‍ സംസാരിക്കുന്നതെന്നും ചന്ദ്രശേഖര റാവുവിന്റെ പാര്‍ട്ടി പറയുന്നു. ‘എന്നാണ് ഒരു കൂടിക്കാഴ്ചയ്ക്ക് സമയമുള്ളത്, ഇടപാടുകള്‍ പെട്ടെന്ന് തീര്‍ക്കണം. ബി.എല്‍.സന്തോഷടക്കമുള്ള കേന്ദ്ര നേതാക്കളുമായി സംസാരിക്കാന്‍ അവസരം ഒരുക്കാം’ തുടങ്ങിയ കാര്യങ്ങളാണ് പുറത്തുവന്ന ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്.
നാല് എംഎല്‍എമാര്‍ക്ക് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച്‌ കഴിഞ്ഞ ആഴ്ച മൂന്ന് പേരെ തെലങ്കാന പൊലീസ് അറസ്റ്റ്ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള തെളിവുകളെന്ന് പറഞ്ഞാണ് ചന്ദ്രശേഖ റാവു കഴിഞ്ഞ ദിവസം വീഡിയോകളും മറ്റും പുറത്തുവിട്ടത്. ഹരിയാനയിലെ ഫരീദാബാദില്‍ നിന്നുള്ള പുരോഹിതന്‍ രാമചന്ദ്ര ഭാരതി എന്ന സതീഷ് ശര്‍മ്മ, തിരുപ്പതിയില്‍ നിന്നുള്ള ഡി സിംഹയാജി, വ്യവസായി നന്ദകുമാര്‍ എന്നിവരെയാണ് തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.

ഇതിനിടെ ഇതുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ ചന്ദ്രശേഖര റാവു സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലേയും ജഡ്ജിമാര്‍, പ്രതിപക്ഷ നേതാക്കള്‍, അന്വേഷണ ഏജന്‍സികള്‍ എന്നിവര്‍ക്കെല്ലാം അയച്ചിട്ടുണ്ട്. സംസ്ഥാന രാഷ്ട്രീയത്തില്‍ തിരഞ്ഞെടുപ്പ് കാലത്ത് മാത്രം സജീവമായിരുന്ന തുഷാര്‍ വെള്ളാപ്പള്ളി ടിആര്‍എസ് എംഎല്‍എമാരെ ചാക്കിടാന്‍ ശ്രമിച്ചെന്ന ആരോപണത്തോടെ ദേശീയ രാഷ്ട്രീയത്തില്‍ വിവാദനായകനായി.
തെലങ്കാനയിലെ ബിജെപിയുടെ ‘ഓപ്പറേഷന്‍ കമലത്തിന്’ പിന്നില്‍ താനാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചത്.. ആരോപണം ഉന്നയിക്കുന്നവര്‍ തന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവ് ഹാജരാക്കട്ടെയെന്ന് തുഷാര്‍ വെള്ളാപ്പള്ളി വെല്ലുവിളിച്ചു. ടിആര്‍എസിന്റെ എംഎല്‍എമാരെ ആരെയും ബന്ധപ്പെട്ടിട്ടില്ല. പുറത്തുവിട്ട ദൃശ്യങ്ങളില്‍ തന്റെ ബന്ധം തെളിയിക്കുന്ന ഒന്നുമില്ല.കെസിആറിന്റെ ആരോപണം ബിജെപിയും തള്ളി. വീഡിയോകള്‍ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് ബിജെപി തിരിച്ചടിച്ചു. ടിആര്‍എസ് വിലയ്‌ക്കെടുത്ത അഭിനേതാക്കളാണ് വീഡിയോയിലെ ഏജന്റുമാരെന്ന് കേന്ദ്രമന്ത്രി കിഷന്‍ റെഡ്ഡി പ്രതികരിച്ചു. തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ആരോപണങ്ങളും ബിജെപി തള്ളി.

തുഷാര്‍, അമിത് ഷായുടെ നേരിട്ടുള്ള നോമിനിയാണെന്നും കെസിആര്‍ ആരോപിച്ചിരുന്നു. 100 കോടിയാണ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തുഷാര്‍ വാഗ്ദാനം ചെയ്തത്. ഇതിന്റെ കൃതമായ തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാല് സര്‍ക്കാരുകളെ അട്ടിമറിക്കാനായിരുന്നു ഇത്തവണത്തെ പദ്ധതി. തെലങ്കാനക്ക് പുറമെ ആന്ധ്ര പ്രദേശ്, ഡല്‍ഹി, രാജസ്ഥാന്‍ സര്‍ക്കാരുകളെ കൂടി വീഴ്‌ത്താനായിരുന്നു പദ്ധതിയിട്ടത്.
أحدث أقدم