ഹൈദരാബാദ്: തെലങ്കാനയിലെ മുനുഗോഡ് നിയോജക മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ടിആര്‍എസ് വിജയിക്കുമെന്ന് എക്‌സിറ്റ് പോളുകള്‍. നവംബര്‍ മൂന്നിന് നടന്ന തെരഞ്ഞെടുപ്പില്‍ 90 ശതമാനത്തിലേറെയായിരുന്നു വോട്ടിംഗ് നടന്നത്. എക്‌സിറ്റ് പോളുകള്‍ പറയുന്നത് 40ശതമാനത്തിലേറെ വോട്ടുകള്‍ നേടി ടിആര്‍എസ് വിജയിക്കുമെന്നാണ്. ബിജെപി രണ്ടാം സ്ഥാനത്തും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തുമാവും. എസ്എഎസ് ഗ്രൂപ്പ്, തേഡ് വിഷന്‍ റിസര്‍ച്ച് ആന്‍ഡ് സെര്‍വീസസ്, തൃശ്ശൂല്‍ കണ്‍സള്‍ട്ടിംഗ് എന്നീ എക്‌സിറ്റ് പോളുകള്‍ ബിജെപിക്ക് രണ്ടാം സ്ഥാനവും കോണ്‍ഗ്രസിന് മൂന്നാം സ്ഥാനവും പ്രവചിക്കുന്നു.
മണ്ഡലത്തിലെ എംഎല്‍എയായിരുന്ന രാജഗോപാല്‍ റെഡ്ഡി സ്ഥാനം രാജിവെച്ച് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മണ്ഡലത്തില്‍ ത്രികോണ മത്സരമാണ് നടക്കുന്നത്. മണ്ഡലം നിലനിര്‍ത്തുന്നതിനായി കോണ്‍ഗ്രസും പിടിച്ചെടുക്കാനായി ടിആര്‍എസും ബിജെപിയും ശ്രമിക്കുന്നു. പാല്‍വൈ ശ്രാവന്തിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. കുസുകുന്ത്‌ല പ്രഭാകര്‍ റെഡ്ഡിയെയാണ് ടിആര്‍എസ് മത്സരിപ്പിക്കുന്നത്.