സ്ഥാനാർത്ഥിക്ക് മർദ്ദനമേറ്റ സംഭവം: യു ഡി എഫ് ഹർത്താൽ തുടങ്ങി


ആലപ്പുഴ: മുതുകുളത്ത് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് സ്വാതന്ത്ര സ്ഥാനാർത്ഥിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് യു ഡി എഫ് മുതുകുളം പഞ്ചായത്തിൽ ഹർത്താൽ തുടങ്ങി. യുഡിഎഫാണ് ഇന്ന് രാവിലെ ആറ് മണി മുതൽ വൈകീട്ട് ആറ് വരെ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

മുതുകുളം പഞ്ചായത്ത് നാലാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ജിഎസ് ബൈജുവിനെയാണ് മൂന്നംഗ സംഘം ഇന്നലെ രാതി ആക്രമിച്ചത്. ഇരുമ്പ് വടി കൊണ്ടുള്ള ആക്രമണത്തിൽ ബൈജുവിൻ്റെ കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ബൈജുവിനെ ഹരിപ്പാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് – ബി ജെ പി പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു.

ബിജെപി അംഗമായിരുന്നു ബൈജു. പാർട്ടി നേതൃത്വവുമായുളള അഭിപ്രായ വ്യത്യാസത്ത തുടർന്ന് പഞ്ചായത്ത് അംഗത്വം രാജിവച്ചു. തുടർന്നാണ് മുതുകുളം പഞ്ചായത്ത് നാലാം വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. ബൈജു 487 വോട്ടും എൽഡിഎഫ് സ്ഥാനാർഥി മധുകുമാർ 384 വോട്ടും നേടി.
ബിജെപി സ്ഥാനാർഥി ജയേഷ് ജനാർദ്ദന് 69 വോട്ട് മാത്രമാണ് ലഭിച്ചത്.
أحدث أقدم