സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നടുറോഡില്‍ മര്‍ദിച്ച സംഭവം: പ്രതികളുടെ ലൈസന്‍സ് റദ്ദാക്കും



 തിരുവനന്തപുരം: ട്രാഫിക് സിഗ്നലില്‍ ഹോണ്‍ മുഴക്കിയതിന്റെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാരനെ നടുറോഡില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കുഞ്ചാലംമൂട് സ്വദേശികളായ അനീഷും അസ്‌കറുമാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞെങ്കിലും ഇവർ ഒളിവിലാണ്. പ്രതികളുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ചു. 

കൃഷി വകുപ്പിലെ ജീവനക്കാരനായ നെയ്യാറ്റിന്‍കര സ്വദേശി പ്രദീപിനെയാണ് യുവാക്കള്‍ മര്‍ദിച്ചത്. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ബൈക്കില്‍ ഹൈല്‍മറ്റ് ധരിക്കാതെ സിഗ്നല്‍ കാത്തുനിന്ന രണ്ടു യുവാക്കള്‍, ഹോണ്‍ മുഴക്കിയത് എന്തിനാണെന്ന് ചോദിച്ചാണ് പ്രദീപിനെ മര്‍ദിച്ചത്. താനല്ല ഹോണ്‍ മുഴക്കിയതെന്നു പറഞ്ഞെങ്കിലും യുവാക്കള്‍ പ്രദീപിനെ ബൈക്കില്‍നിന്ന് വലിച്ച് താഴെയിട്ടു മര്‍ദിച്ചു. നടുറോഡില്‍ വാഹനം നിര്‍ത്തി ക്രിമിനല്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതിനാണ് ഡ്രൈവിംങ് ലൈസന്‍സ് റദ്ദാക്കുന്നത്. 

പൊലീസില്‍ പരാതി നല്‍കി മൂന്നു ദിവസം പിന്നിട്ടിട്ടും കേസെടുക്കാതിരുന്നത് വിവാദമായിരുന്നു. വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെയാണ് കരമന പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങിയത്.
أحدث أقدم