✍️ ജോവാൻ മധുമല
ജ്യോതിഷിയായ അഥോസ് സലോമിയുടെ ഇത്തവണത്തെ പ്രവചനങ്ങള്‍ അത്ര ശുഭകരമല്ല. 2023 നെ കുറിച്ചുള്ള അഥോസിന്റെ പ്രവചനങ്ങളെ ആളുകള്‍ അല്‍പ്പം ഭയത്തോടെയാണ് വിലയിരുത്തുന്നത്. മനുഷ്യര്‍ ഭയപ്പെടുന്ന കാര്യങ്ങള്‍ അടുത്ത വര്‍ഷം സംഭവിക്കുമെന്നാണ് സലോമി പറയുന്നത്. അടുത്ത വര്‍ഷം പ്രതീക്ഷയും, ദുരന്തവും, അതുപോലെ മനുഷ്യന്റെ ചിന്തയ്‌ക്കും അപ്പുറമുള്ള കാര്യങ്ങളുമെല്ലാം സംഭവിക്കുമെന്ന് സലോമി പറയുന്നു. കൊറോണയെ പോലെ പുതിയൊരു മഹാമാരിയാണ് 2023ല്‍ സംഭവിക്കാന്‍ പോകുന്നതെന്ന് സലോമി പറയുന്നു.
അതിഭീകരനായ ഒരു വൈറസ് മനുഷ്യനെ കാത്തിരിക്കുന്നുണ്ട്. ലോകത്തെ ഇത് നശിപ്പിക്കും. അന്റാര്‍ട്ടിക്കയിലെ കൊടും തണുപ്പുള്ള മഞ്ഞുപാളികള്‍ക്ക് അടിയിലാണ് ഈ വൈറസ് ഇപ്പോഴുള്ളതെന്ന് അഥോസ് സലോമി പറയുന്നു. ഇത് മനുഷ്യനെ ഒന്നടങ്കം വിറപ്പിക്കുന്ന മഹാമാരിയായി മാറുമെന്നാണ് പ്രവചനം. അതേസമയം ഇത് ശരിവെക്കുന്ന തരത്തിലാണ് റഷ്യന്‍ ഗവേഷകരുടെ പുതിയ പഠനം. ഇന്ന് റഷ്യയിലെ സൈബീരിയന്‍ പെര്‍മാഫ്രോസ്റ്റില്‍ നിന്നും മറ്റും വൂളി മാമത്തുകളുടെ ഫോസിലുകള്‍ ശാസ്ത്രലോകത്തിന് ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ വൂളി മാമത്തുകള്‍ക്കൊപ്പം മണ്ണിനടിയില്‍ ഉറങ്ങുന്ന പുരാതന വൈറസുകളെ ഉണര്‍ത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം. വടക്ക് കിഴക്കന്‍ സൈബീരിയയാണ് ഗവേഷണങ്ങളുടെ കേന്ദ്രബിന്ദു. വൂളി മാമത്തുകള്‍ക്ക് പുറമേ മണ്‍മറഞ്ഞ നിരവധി ജീവികളുടെ ഫോസിലുകള്‍ ഇവിടെയുണ്ട്.
നിര്‍ജീവമാക്കപ്പെട്ട നിരവധി വൈറസുകളും ഈ ഫോസിലുകളിലുണ്ട്. ഇവയിലേക്കാണ് ഇപ്പോള്‍ ശാസ്ത്രലോകം കണ്ണോടിക്കുന്നത്. ഉറങ്ങിക്കിടക്കുന്ന ഈ ഭീകരര്‍ ഉണര്‍ന്നാല്‍ കൊവിഡിനേക്കാള്‍ ഭയാനകമായ മറ്റൊരു മഹാമാരി ആവര്‍ത്തിക്കുമോ എന്ന് പോലും ചിലര്‍ ഭയപ്പെടുന്നു. ശക്തിയിലും വലിപ്പത്തിലും മനുഷ്യനേക്കാള്‍ ഏറെ മുന്നിലുള്ള വൂളി മാമത്തുകളെ കൊല്ലാന്‍ ശേഷിയുള്ളവയാണെങ്കില്‍ തീര്‍ച്ചയായും അത്തരം വൈറസുകള്‍ ആശങ്കയ്ക്ക് കാരണമാണെന്നതില്‍ സംശയമില്ല.
ഗവേഷകര്‍ ഈ വൈറസുകളെ പഠനവിധേയമാക്കിയാലും ഇല്ലെങ്കിലും ആഗോളതാപന ഫലമായി ആര്‍ട്ടിക്കിലെ മഞ്ഞും പെര്‍മാഫ്രോസ്റ്റും ഉരുകുന്നത് ഇത്തരം വൈറസുകള്‍ പുറത്തെത്താന്‍ കാരണമാകാമെന്ന് ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇത്തരം വൈറസുകള്‍ ഇതുവരെ കാര്യമായ ഭീഷണി ഉയര്‍ത്തിയിട്ടില്ലെങ്കിലും ഭാവിയില്‍ അതിനുള്ള സാദ്ധ്യത പാടേ തള്ളാനാകില്ല. അതിനാല്‍ ഈ വൈറസുകളെ പഠനവിധേയമാക്കേണ്ടതും ആവശ്യമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. വടക്കന്‍ റഷ്യയിലെ സൈബീരിയയില്‍ നൂറുകണക്കിന് വര്‍ഷങ്ങളായി തണുത്തുറഞ്ഞ് കിടക്കുന്നതും പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍ താഴെ ഊഷ്മാവില്‍ സ്ഥിതി ചെയ്യുന്നതുമായ പെര്‍മാഫ്രോസ്റ്റില്‍ പ്രാചീന ശിലായുഗത്തില്‍ ജീവിച്ചിരുന്ന മാമത്തുകള്‍ ഉള്‍പ്പെടെ നിരവധി ജീവികളുടെ അവശിഷ്ടങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്.