തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ പുതിയ താമസക്കാരെത്തി. ആറ് പശുക്കളാണ് ക്ലിഫ് ഹൗസിലെ തൊഴുത്തിൽ താമസമാരംഭിച്ചത്. പുതിയ തൊഴുത്തിന്റെ നിർമാണം പൂർത്തിയായതോടെയാണ് പശുക്കളെ ഇവിടേയ്ക്കു മാറ്റിയത്.
42.90 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച തൊഴുത്തിന്റെയും ചുറ്റുമതിലിന്റെയും നിർമാണം പൂർത്തിയാക്കിയത്. 800 ചതുരശ്ര അടിയിൽ നിർമിച്ച തൊഴുത്തിൽ ഒരേ സമയം 6 പശുക്കളെ പാർപ്പിക്കാം. 4 ഫാനുകളും സ്ഥാപിച്ചു. തൊഴുത്തിനോട് ചേർന്ന് കാലിത്തീറ്റയും മറ്റും സൂക്ഷിക്കാൻ മുറിയും തൊഴിലാളികൾക്കായി വിശ്രമമുറിയും നിർമിച്ചു. പുറമേ, 10 മീറ്റർ നീളത്തിൽ ചുറ്റുമതിലും നിർമിച്ചു. പൊതുമരാമത്തു വകുപ്പ് കെട്ടിട വിഭാഗമാണ് 2 മാസം കൊണ്ട് തൊഴുത്തിന്റെ നിർമാണം പൂർത്തിയാക്കിയത്.
തൊഴുത്തിൽ മ്യൂസിക് സിസ്റ്റം സ്ഥാപിക്കാൻ ആലോചനയുണ്ടായിരുന്നെങ്കിലും അത് പിന്നീട് വേണ്ടെന്നുവച്ചു. ഇരുനില തൊഴുത്താണ് നിർമിക്കാൻ ആദ്യം ആലോചിച്ചതെങ്കിലും ഓടുമേഞ്ഞ തൊഴുത്തിൽ നിർമാണം ഒതുക്കി. ഭാവിയിൽ ഒരു നില കൂടി നിർമിച്ചു ജീവനക്കാർക്ക് ക്വാർട്ടേഴ്സാക്കാനും പദ്ധതിയുണ്ട്.
ക്ലിഫ് ഹൗസിലെ പഴയ തൊഴുത്തിന് 30 വർഷത്തോളം പഴക്കമുണ്ട്. സൗകര്യക്കുറവ് ഉള്ളതിനാലാണ് 3 മീറ്റർ അകലെ പുതിയ തൊഴുത്ത് പണിതത്. 8 പശുക്കളും 4 കന്നുക്കുട്ടികളുമാണ് നിലവിൽ ക്ലിഫ്ഹൗസിലുള്ളത്. 6 പശുക്കളെ പുതിയ തൊഴുത്തിലേക്കു മാറ്റിയതോടെ 2 പശുക്കളും 4 കന്നുക്കുട്ടികളും പഴയ തൊഴുത്തിൽ തുടരും.