പ്രണയ ബന്ധത്തിലെ പ്രശ്നങ്ങൾ പരിഹരിക്കും.. യുവതിയിൽ നിന്ന് 47ലക്ഷം തട്ടിയെടുത്തു ! ജ്യോതിഷി അറസ്റ്റിൽ

പ്രണയ ബന്ധത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് വാ​ഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ ജ്യോതിഷിയെ അറസ്റ്റ് ചെയ്തു. 47 ലക്ഷം രൂപയാണ് യുവതിയിൽ നിന്ന് ഇയാൾ തട്ടിയെടുത്തത്. പഞ്ചാബ് സ്വദേശിയായ ലളിത് എന്ന വ്യാജ ജ്യോതിഷിയെയാണ് ഹൈദരാബാദ് സൈബർ ക്രൈം വിഭാഗം പിടികൂടിയത്. നവംബർ 19 നാണ് ഇൻസ്റ്റാഗ്രാം വഴി ഹൈദരാബാദ് സ്വദേശിയിയായ യുവതിയെ ഇയാൾ ബന്ധപ്പെടുന്നത്. ഇൻസ്റ്റ​ഗ്രാമിൽ ‘ആസ്‌ട്രോ ഗോപാൽ’ എന്ന പേരിലായിരുന്നു ഇയാളുടെ അക്കൗണ്ട്. ഫോൺ നമ്പറും നൽകിയിരുന്നു. പ്രണയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിച്ചു നൽകുമെന്നായിരുന്നു ഇൻസ്റ്റഗ്രാം പ്രൊഫൈലിലിൽ എഴുതിയത്. തുടർന്നാണ് യുവതി ഇയാളെ ഫോണിൽ ബന്ധപ്പെട്ടത്.

തന്റെ പ്രണയബന്ധത്തിൽ പ്രശ്നമുണ്ടെന്നും പരിഹരിക്കണമെന്നും യുവതി ഇയാളോട് ആവശ്യപ്പെട്ടു. ജ്യോതിഷത്തിലൂടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാമെന്ന് ഇയാൾ ഉറപ്പ് നൽകി. ഇതിനായി ഇയാൾ പെൺകുട്ടിയിൽ നിന്ന് ആദ്യം 32,000 രൂപ ഈടാക്കി. പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക പ്രാർത്ഥന നടത്താനെന്ന് പറഞ്ഞ് 47.11 ലക്ഷം രൂപയും വാങ്ങി. എന്നാൽ ഇയാൾ കബളിപ്പിക്കുകയായിരുന്നുവെന്ന് യുവതിക്ക് ബോധ്യമായി. തുടർന്ന് പൊലീസിനെ സമീപിച്ചു. കേസെടുത്ത പൊലീസ് അന്വേഷണത്തിലൂടെ പ്രതിയെ കണ്ടെത്തുകയായിരുന്നു.
ഐടി ആക്ടിലെ സെക്ഷൻ 66 സി, ഡി, ഇന്ത്യൻ പീനൽ കോഡിന്റെ 419, 420 എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്. രണ്ട് വിലകൂടിയ മൊബൈൽ ഫോണുകൾ, ഡെബിറ്റ് കാർഡുകൾ, ചെക്ക്ബുക്ക് എന്നിവയും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. പ്രണയ ജോത്സ്യനാണെന്ന് അവകാശപ്പെട്ട് വിവിധ ഓൺലൈൻ മാധ്യമങ്ങളിൽ ഇയാൾ പരസ്യം നൽകിയുരുന്നു. മുമ്പും ഇയാൾ നിരവധിയാളുകളെ കബളിപ്പിച്ചിട്ടുണ്ടെന്നും എന്നാൽ ആദ്യമായാണ് പരാതി ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
أحدث أقدم