പോലീസിലെ ക്രിമിനലുകൾ പുറത്തേയ്ക്ക് ! ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട 59 പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്നു പിരിച്ചുവിടാന്‍ തീരുമാനം


ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട 59 പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്നു പിരിച്ചുവിടാന്‍ തീരുമാനം.ജീവപര്യന്തമോ 10 വര്‍ഷം വരെയോ തടവ് ലഭിക്കാവുന്ന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരാണ് പിരിച്ചുവിടുന്നവരുടെ പട്ടികയിലുള്ളത്. ഇവരുടെ ഭാഗം കൂടി കേട്ട ശേഷമായിരിക്കും നടപടി. 7 വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്ത പോലീസുകാരെ തല്‍ക്കാലം ഒഴിവാക്കിയിട്ടുണ്ട്.

സംസ്ഥാന പോലീസില്‍ ഇത്രയധികം ഉദ്യോഗസ്ഥരെ ഒരുമിച്ച് പിരിച്ചുവിടുന്നത് ആദ്യമാണ്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ 2016 മുതല്‍ ഇതുവരെ 12 ഉദ്യോഗസ്ഥരെയാണ് പിരിച്ചുവിട്ടത്. സേനയിലെ ക്രിമിനലുകളെ പിരിച്ചുവിടുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.ബേപ്പൂര്‍ തീരദേശ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പിആര്‍ സുനുവിനെ പിരിച്ചുവിടാനുള്ള റിപ്പോര്‍ട്ടിലാണ് 58 പേരെ കൂടി പിരിച്ചുവിടേണ്ടി വരുമെന്നു സര്‍ക്കാരിനെ ഡിജിപി അനില്‍ കാന്ത് അറിയിച്ചത്
ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ വി വേണു കൈമാറിയ ഈ റിപ്പോര്‍ട്ട് നിയമസെക്രട്ടറി ഹരി നായര്‍ വ്യവസ്ഥകളോടെ അംഗീകരിച്ചു. ഇപ്പോള്‍ സസ്‌പെന്‍ഷനിലുള്ള സുനുവിനെ ആദ്യം പിരിച്ചുവിടും. അതില്‍ നിയമപ്രശ്‌നം ഉണ്ടായില്ലെങ്കില്‍ ഒന്നിനു പിറകേ ഒന്നായി എല്ലാ പോലീസ് ക്രിമിനലുകളും പുറത്താകും. സുനുവിനെ പിരിച്ചുവിടാനുള്ള ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.
നിലവില്‍ കേരള പോലീസില്‍ ക്രിമിനല്‍ കേസില്‍ പ്രതികളായ 828 പേരുണ്ട്. എന്നാല്‍ ഭൂരിപക്ഷവും രാഷ്ട്രീയത്തണലില്‍ സുരക്ഷിതരായി കഴിയുകയാണ്.കേരള പോലീസില്‍ 98.44% ഉദ്യോഗസ്ഥരും ഒരു കേസിലും ഉള്‍പ്പെടാത്തവരാണെന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. 55,000 അംഗങ്ങളുള്ള സേനയില്‍ 1.56% പേര്‍ മാത്രമാണ് ക്രിമിനല്‍ കേസില്‍ പെട്ടിട്ടുള്ളത്.
أحدث أقدم