മാല പൊട്ടിക്കാൻ ശ്രമിച്ചു… കള്ളനെ കീഴ്‌പ്പെടുത്തി 75കാരി

 തൃശൂർ: മാല പൊട്ടിക്കാൻ ശ്രമിച്ച കള്ളനെ പോരാട്ടത്തിലൂടെ കീഴ്‌പ്പെടുത്തി നാട്ടിലെ താരമായി വയോധിക. ചെറുതുരുത്തി കാട്ടിൽമന റോഡിന് സമീപം താമസിക്കുന്ന പടിഞ്ഞാറേതിൽ വീട്ടിൽ കരുണാകരൻ നായരുടെ ഭാര്യ 75കാരി വിജയലക്ഷ്മി അമ്മയാണ് കള്ളനെ കീഴ്‌പ്പെടുത്തിയത്. കഴിഞ്ഞ ദിവസം രണ്ടരപവന്റെ മാലയാണ് കള്ളൻ മോഷ്ടിക്കാൻ ശ്രമിച്ചത്. എന്നാൽ ഇത് വിജയലക്ഷ്മി അമ്മ പോരാട്ടത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു. പുലർച്ച അഞ്ചരക്ക് വീടിന്റെ അടുക്കള ഭാഗത്ത് കൂടെ പുറത്തിറങ്ങിയപ്പോഴാണ് സംഭവം. ഏകദേശം 45 വയസ്സ് തോന്നിക്കുന്ന സ്ത്രീ വായ് മൂടിക്കെട്ടി വിജയലക്ഷ്മിയുടെ കഴുത്തിൽനിന്ന് താലിമാല പൊട്ടിക്കുകയായിരുന്നു. ഉടൻ വിജയലക്ഷ്മി കള്ളനെ കടന്നുപിടിക്കുകയും മൽപ്പിടുത്തത്തിനൊടുവിൽ മാല തിരിച്ചുവാങ്ങി നിലവിളിക്കുകയും ചെയ്തു. വീട്ടുകാർ ഉണർന്ന് എത്തിയതോടെ സ്ത്രീ ഓടി രക്ഷപ്പെട്ടു.

സമീപത്തെ വീട്ടിൽ എത്തിയ സ്ത്രീ വെള്ളം ചോദിക്കാനെന്ന വ്യാജേന മൊബൈൽഫോൺ കവർന്നതായും വിവരമുണ്ട്. സംഭവത്തിൽ ചെറുതുരുത്തി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
أحدث أقدم