കോയമ്പത്തൂര്‍ സ്‌ഫോടനം: ഗൂഢാലോചന സത്യമംഗലം കാട്ടില്‍ വെച്ച്; രണ്ടുപേര്‍ കൂടി അറസ്റ്റിൽ

 ചെന്നൈ : കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനക്കേസില്‍ രണ്ടുപേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയ ഷേഖ് ഹിദായത്തുള്ള, സനോഫര്‍ അലി എന്നിവരെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. നേരത്തെ അറസ്റ്റിലായ ഉമര്‍ ഫാറൂഖ് ആണ് ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയതെന്നും എന്‍ഐഎ സൂചിപ്പിക്കുന്നു. 

കഴിഞ്ഞ ഒക്ടോബര്‍ 23 നാണ് കോയമ്പത്തൂര്‍ ഉക്കട കോട്ടമേട് ഈശ്വരന്‍ ക്ഷേത്രത്തിന് സമീപത്തുവെച്ച് ജമീഷ മുബീന്‍ സഞ്ചരിച്ച കാര്‍ പൊട്ടിത്തെറിച്ചത്. ഈ കേസില്‍ ഒമ്പതു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഗൂഢാലോചനയില്‍ പങ്കാളികളായ രണ്ടുപേരെയാണ് എന്‍ഐഎ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. 

സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്യാനായി, കഴിഞ്ഞ ഫെബ്രുവരിയില്‍ സത്യമംഗലം കാട്ടിലെ അസനൂര്‍, കടമ്പൂര്‍ മേഖലകളില്‍ വെച്ച് ഉമര്‍ ഫാറൂഖിന്റെയും കൊല്ലപ്പെട്ട ജമീഷ മുബീന്റെയും നേതൃത്വത്തില്‍ ഗൂഢാലോചന നടന്നിരുന്നു. ഈ ഗൂഢാലോചനകളില്‍ ഷേഖ് ഹിദായത്തുള്ള, സനോഫര്‍ അലി എന്നിവര്‍ പങ്കെടുത്തിരുന്നതായി എന്‍ഐഎ കണ്ടെത്തി. 

കോയമ്പത്തൂരില്‍ നിന്നും കസ്റ്റഡിയിലെടുത്ത ഇവരെ ചെന്നൈയിലെത്തിച്ച് ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സത്യമംഗലം കാടുകളില്‍ നടന്ന ഗൂഢാലോചനയ്ക്ക് ശേഷമാണ് സ്‌ഫോടനങ്ങള്‍ക്ക് വവശ്യമായ സ്‌ഫോടക വസ്തുക്കള്‍ ജമീഷ മുബൈന്‍ ശേഖരിച്ചതെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. കേസില്‍ നേരത്തെ അറസ്റ്റിലായ പ്രതികള്‍ തമിഴ്‌നാട്ടിലെ പുഴല്‍ ജയിലിലാണുള്ളത്.
أحدث أقدم