തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം മണിക്കൂറുകളോളം വൈകിയതോടെയാണ് യാത്രക്കാർ പ്രതിഷേധത്തിലേക്ക് കടന്നത്. തിരുവനന്തപുരത്ത് നിന്ന് ഒമാനിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വൈകിയത്.
ഇന്ന് രാവിലെ 7.25ന് പുറപ്പെടേണ്ട വിമാനമാണ് അനിശ്ചിതമായി വൈകിയത്. രാവിലെ ഒമ്പതു മണിയോടെ എല്ലാവരെയും വിമാനത്തിൽ കയറ്റിയെങ്കിലും സാങ്കേതിക തകരാര്‍ പറഞ്ഞു ഇറക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുമെന്ന് പറഞ്ഞെങ്കിലും യാത്ര വീണ്ടും അനിശ്ചിതമായി നീണ്ടു. നാലുമണിക്ക് പുറപ്പെടുമെന്നാണ് ഇപ്പോൾ പറയുന്നതെന്ന് യാത്രക്കാർ പറഞ്ഞു. സാങ്കേതിക പ്രശ്നം പരിഹരിച്ചതായി അധികൃതര്‍ യാത്രക്കാരെ അറിയിച്ചു. യാത്രക്കാരെ വിമാനത്തിൽ കയറ്റുകയാണെന്നാണ് ലഭിക്കുന്ന വിവരം.