ഹെയര്‍ ഫിക്സിംഗ് ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവ് മരിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. ഡല്‍ഹി സ്വദേശി അത്തര്‍ റഷീദാണ് (30) മരിച്ചത്. ശസ്ത്രക്രിയയ്ക്ക് പിന്നാലെ അണുബാധയുണ്ടാവുകയും ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്തതിനെത്തുടര്‍ന്ന് യുവാവിന് ദാരുണാന്ത്യം.
ടെലിവിഷന്‍ എക്സിക്യൂട്ടീവ് ആയിരുന്ന റഷീദ് മുടി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ലഭിച്ച പ്രത്യേക ഓഫര്‍ സ്വീകരിക്കുകയായിരുന്നു. എന്നാല്‍ ശസ്ത്രക്രിയ പിഴച്ചതോടെ വൃക്കയടക്കമുള്ള അവയവങ്ങള്‍ തകരാറിലായി. സെപ്സിസ് ബാധിച്ച് ഏതാനും മാസങ്ങള്‍ ഇയാള്‍ കിടപ്പിലായിരുന്നെന്ന് റഷീദിന്‍റെ അമ്മ ആസിയാ ബീഗം പറഞ്ഞു. കുടുംബം നല്‍കിയ പരാതിയിലാണ് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തത്.