കോട്ടയം : കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വില കുറഞ്ഞ ഉത്പന്നങ്ങളിലൊന്നായി റബർ മാറികഴിഞ്ഞു. ഇതോടെ കർഷകരുടെ ജീവിതവും താറുമാറായി. മൂന്നു വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കു റബർ വില കൂപ്പു കുത്തിയതോടെ കർഷകർ ദുരിതപ്പെടുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ വില മൂന്നും നാലും ഇരട്ടിയായതോടെ നിത്യചെലവിനുപോലും കർഷകർ ബുദ്ധിമുട്ടുകയാണ്.
കർഷകരെ സംരക്ഷിക്കേണ്ട കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പിന്നാക്കം പോയതും കർഷക പാർട്ടികൾ പോലും കർഷകരെ മറന്നതും കർഷകർക്ക് ദുരിതം പൂർണമാക്കി. അനുകൂലമായ തീരുമാനങ്ങൾ എടുക്കാതെ കേന്ദ്രവും വിലസ്ഥിരത പദ്ധതി വേഗത്തിലാക്കാതെ സംസ്ഥാന സർക്കാരും നീങ്ങുന്നത് കർഷകർ കൃഷി ഉപേക്ഷിക്കുവാൻ നിർബന്ധിതരാക്കിയിരിക്കുയാണ്. ഏറെപേരും മറ്റുകൃഷിയിലേക്കു മാറി.
ഈവർഷമാദ്യം കിലോയ്ക്ക് 176 രൂപയായിരുന്ന വില കഴിഞ്ഞദിവസങ്ങളിൽ 130 രൂപ നിലവാരത്തിലേക്കു കൂപ്പുകുത്തിയതാണു കർഷകരെ വേദനിപ്പിച്ചത്. ഉത്പാദനം ഉയർന്ന് വരുമാനം ഇരട്ടിയാകേണ്ട സമയത്താണ് ഈ വിലത്തകർച്ച. റബർവില മൂന്നു വർഷത്തിനിടയിലെ ഏറ്റവും താഴ്ചയിലേക്കു വീണു. ഈ മാസം ഇതുവരെ ആറു രൂപ ഇടിഞ്ഞു.
പുലർച്ചെ തണുപ്പുള്ള അനുകൂല കാലാവസ്ഥയിൽ സംസ്ഥാനത്ത് 30 ശതമാനത്തിനു മുകളിൽ ഉത്പാദനം കൂടിയിട്ടുണ്ട്. ആഗോളമാന്ദ്യത്തിൽപ്പെട്ട് ഡിമാൻഡ് കുറഞ്ഞതോടെ വിലയിടിഞ്ഞു. വിപണി നിയന്ത്രിക്കുന്ന ചെറുതും വലുതുമായ ടയർ കന്പനികൾ വിട്ടുനിന്നും വില കുറച്ചുവാങ്ങിയും വിലയിടിക്കുകയാണ്.
ചെറുകിട കർഷകർ ഉത്പാദിപ്പിക്കുന്ന ആർഎസ്എസ് - 5 ഗ്രേഡ് റബർ ഷീറ്റ് വില ഇന്നലെ കിലോയ്ക്ക് 127 രൂപയായിരുന്നു. ആർഎസ്എസ് - 4ന് 131 രൂപയും. ഇതിലും താഴ്ന്ന വിലയിൽ കച്ചവടം നടന്ന സ്ഥലങ്ങളുമുണ്ട്. ഒട്ടുപാൽ വില 70 രൂപ. ഇനിയും വില താഴുമെന്ന സൂചനയാണു നൽകുന്നത്.
കോവിഡ് കാലത്ത് 132 രൂപയിലേക്ക് ഇടിഞ്ഞ വില 2021 ഓഗസ്റ്റിൽ 180 രൂപയിലെത്തിയിരുന്നു. എട്ടുവർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയായിരുന്നു 2021ലേത്. ടയർ വ്യവസായികൾ വിപണിയിൽനിന്നു വിട്ടുനിന്നു വിലയിടിക്കുകയാണെന്ന ആരോപണം ശക്തമാണ്. അന്താരാഷ്ട്ര വിപണിയിൽനിന്നും ചൈന റബർ എടുക്കാത്തതും ആഫ്രിക്കൻ രാജ്യങ്ങളിലെ അധിക ചരക്ക് കെട്ടിക്കിടക്കുന്നതും വിലയിടിവിന് ഇടയാക്കുന്നു.
📌ഉത്പാദനന ചെലവ് ഉയർന്നു
ഒരുമരം ടാപ്പിംഗ് നടത്തുന്നതിന് മുന്പ് 60 പൈസയായിരുന്നപ്പോൾ ഇപ്പോൾ രണ്ടു രൂപയായി ഉയർന്നു. ടാപ്പിംഗ് തൊഴിലാളികളുടെ ക്ഷാമവും രൂക്ഷമാണ്. ആസിഡ് വിലയും ഉയർന്നു.
ഇത് ഒരു കിലോ ഷീറ്റ് തയാറാക്കുന്പോൾ ഒരു രൂപയുടെ വർധനയുണ്ടായി. ഒരു കെട്ട് ചില്ലിന് എട്ടു രൂപ ഉണ്ടായിരുന്നത് 32 രൂപയായി. 32 രൂപയായിരുന്ന കെട്ടുകന്പിക്ക് 130 രൂപയായും ഉയർന്നു. വില ഇടിഞ്ഞതോടെ റബർ പ്രോസസിംഗ് യൂണിറ്റുകളും തകർച്ചയിലാണ്. പാൽ ശേഖരിച്ച് ഷീറ്റാക്കി മാറ്റാൻ കിലോയ്ക്ക് 17 രൂപ വരെയാണ് ചെലവ്.
വിലയിടിവിൽ ഇത്തരം യൂണിറ്റുകൾക്ക് പ്രവർത്തിക്കാൻ കഴിയുന്നില്ല. ചെലവ് വർധിക്കുകയും വരുമാനം ഇടിയുകയും ചെയ്യുന്നതിനാൽ കൃഷി ഉപേക്ഷിക്കുന്നവരുടെ എണ്ണവും വർധിച്ചിരിക്കുകയാണ്.