മെഡിക്കൽ കോളേജിലെ ലിഫ്റ്റ് പ്രവർത്തിച്ചില്ല.. മൃതദേഹം ചുമന്ന് താഴെയിറക്കി പ്രതിഷേധം, ആരോഗ്യരംഗത്ത് കേരളം എങ്ങോട്ട് ?


കൊച്ചി: ലിഫ്റ്റ് പ്രവർത്തിക്കാതിരുന്നതിനെ തുടർന്ന് കളമശേരി മെഡിക്കൽ കോളജിൽ മൃതദേഹം ചുമന്ന് താഴെയിറക്കിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ആശുപത്രി അധികൃതർക്കെതിരെ മരിച്ചയാളുടെ കുടുംബം രംഗത്ത് വന്നു. കാലടി ശ്രീമൂലനഗരം സ്വദേശി 48കാരനായ സുകുമാരന്റെ മൃതദേഹമാണ് ചുമന്ന് താഴെയിറക്കേണ്ടി വന്നത്.

കളമശേരി മെഡിക്കൽ കോളേജിലെ മൂന്നാമത്തെ നിലയിലാണ് പൊള്ളലേറ്റയാളുകളെ ചികിത്സിക്കുന്ന വിഭാഗം പ്രവർത്തിക്കുന്നത്. 80 ശതമാനം പൊള്ളലേറ്റ സുകുമാരനെ ഇക്കഴിഞ്ഞ 19 ന് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുമ്പോഴും ലിഫ്റ്റ് പ്രവർത്തിച്ചിരുന്നില്ല. പിന്നീട് ഇദ്ദേഹത്തെ സ്ട്രച്ചറിൽ കിടത്തി ചുമന്നാണ് കൊണ്ടുപോയത്.

തൊട്ടടുത്ത ദിവസം സുകുമാരൻ മരിച്ചു. അപ്പോഴും ചുമന്ന് തന്നെ മൃതദേഹം താഴെയിറക്കേണ്ടി വന്നതാണ് പ്രതിഷേധത്തിന് കാരണം. എന്നാൽ ലിഫ്റ്റ് കേടായത് കൊണ്ടല്ല ബുദ്ധിമുട്ട് ഉണ്ടായതെന്ന് മെഡിക്കൽ കോളേജ് വിശദീകരിക്കുന്നു. മെഡിക്കൽ കോളേജിൽ പുതിയ ലിഫ്റ്റ് നിർമാണം പുരോഗമിക്കുകയാണ്. ഇത് ഉടൻ പൂർത്തിയാകുമെന്നും അധികൃതർ അറിയിച്ചു. വിഷയത്തിൽ മെഡിക്കൽ കോളേജിന് മുന്നിൽ യൂത്ത് കോൺഗ്രസ് ഇന്ന് പ്രതിഷേധിക്കും.
أحدث أقدم