വിദേശ വനിതയുടെ കൊലപാതകം: രണ്ട് പ്രതികൾക്കും ഇരട്ട ജീവപര്യന്തം



 തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് വിചാരണ കോടതി.

 പ്രതികളായ ഉമേഷ്, ഉദയകുമാർ എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്.

 കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു ഉപയോഗം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷ വിധിച്ചത്. 1.65000 രൂപ പിഴ ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. ഇത് കൊല്ലപ്പെട്ട യുവതിയുടെ സഹോദരിക്ക് നൽകണം.

സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതികൾ കുറ്റക്കാരാണെന്ന് കോടതിക്ക് വ്യക്തമായി. കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണിത്. 

വിദേശ വനിതയെ കാണാനില്ലെന്ന പരാതി ലാഘവബുദ്ധിയോടെയാണ് പൊലീസ് കൈകാര്യം ചെയ്തത്. വിഷാദ രോഗിയായിരുന്നു കൊല്ലപ്പെട്ട സ്ത്രീ. ചികിത്സയ്ക്കും മറ്റുമായാണ് കേരളത്തിലെത്തിയത്.

 പതിവായി പ്രഭാത സവാരി നടത്താറുണ്ടായിരുന്നു. ഒരു ദിവസം രാവിലെ നടക്കാനിറങ്ങിയ ലിഗ പിന്നീട് തിരിച്ച് വന്നില്ല. തുടർന്ന് സഹോദരി പല സ്ഥലത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും അടക്കം പരാതി നൽകിയ സഹോദരി ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജിയും സമർപ്പിച്ചിരുന്നു. 

2018 മാർച്ച് 14 ന് കാണാതായ ലിഗയുടെ മൃതദേഹം 35 ദിവസത്തിന് ശേഷം ജീർണിച്ച നിലയിൽ കോവളത്തിനടുത്തെ പൊന്തക്കാട്ടിൽ നിന്ന് കിട്ടി. സ്ത്രീയെ ഇവിടെയുള്ള ആളൊഴിഞ്ഞ പൊന്തക്കാട്ടിൽ കൊണ്ടുവന്ന ശേഷം കഞ്ചാവ് നൽകി ബലാത്സംഗം ചെയ്തുവെന്നും പിന്നീട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നുമാണ് കേസ്.

നാല് വർഷത്തിന് ശേഷമാണ് കേസിൽ ശിക്ഷ വിധിക്കുന്നത്. ഇക്കഴിഞ്ഞ നവംബർ 5 നാണ് വിചാരണ തുടങ്ങിയത്. ഒന്നാം ക്ലാസ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ സനിൽകുമാർ ആണ് ശിക്ഷ പ്രഖ്യാപിച്ചത്. 

18 സാഹചര്യ തെളിവുകൾ, 30 സാക്ഷികൾ എന്നിവ ആധാരമാക്കിയാണ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയത്. കേസിലെ രണ്ട് സാക്ഷികൾ കൂറുമാറിയിരുന്നു.

أحدث أقدم