തിരുവനന്തപുരം: എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജനെതിരായ സാമ്പത്തിക ആരോപണത്തിൽ തൽക്കാലം അന്വേഷണം വേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. അന്വേഷണം വേണോയെന്നു പിന്നീട് തീരുമാനിക്കും. വിഷയം സെക്രട്ടേറിയറ്റ് ചർച്ച ചെയ്തു. ഇ.പി.ജയരാജനും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്തിരുന്നു.ഒക്ടോബർ 6 മുതൽ ചികിത്സയ്ക്കായി അവധിയിൽ കഴിയുന്ന ഇ.പി ജയരാജൻ ഒരു ഇടവേളയ്ക്കു ശേഷമാണ് സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്തത്.
കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗത്തിൽ കണ്ണൂരിൽനിന്നുള്ള പി.ജയരാജനാണ് ആരോപണം ഉന്നയിച്ചത്. കണ്ണൂരിലെ ‘വൈദേകം’ ആയുർവേദ റിസോർട്ടിൽ ഇ.പി.ജയരാജന്റെ കുടുംബത്തിനുള്ള സാമ്പത്തിക പങ്കാളിത്തം ചൂണ്ടിക്കാട്ടിയായിരുന്നു പി.ജയരാജൻ ആരോപണം. ആരോപണം എഴുതി നൽകാമെന്നു പി.ജയരാജൻ അറിയിച്ചെങ്കിലും അതു ലഭിച്ചതായി നേതൃത്വം സ്ഥിരീകരിച്ചിട്ടില്ല. സംസ്ഥാന കമ്മിറ്റിയിൽ ഉയർന്ന ആരോപണം പുറത്തേക്കു കത്തിപ്പടർന്നതോടെ ഏതു ജയരാജന് ഒപ്പമാണെന്നു സിപിഎം വ്യക്തമാക്കിയിട്ടുമില്ല. ആരോപണം ഉന്നയിച്ച പി.ജയരാജൻ സെക്രട്ടേറിയറ്റ് അംഗം അല്ലാത്തതിനാൽ ഇന്നത്തെ യോഗത്തിൽ പങ്കെടുത്തില്ല.