ഈരാറ്റുപേട്ടയിൽ മൈക്രോ ഫിനാന്‍സ് സ്ഥാപനത്തില്‍ തിരിമറി : മാനേജര്‍ അറസ്റ്റില്‍


ഈരാറ്റുപേട്ട : മൈക്രോഫിനാന്‍സ് സ്ഥാപനത്തില്‍ പണം തിരിമറി നടത്തിയ കേസില്‍ മാനേജരെ പോലീസ് അറസ്റ്റ് ചെയ്തു. കുമളി മുരിക്കാടി ഭാഗത്ത് പല്ലേക്കാട്ട് വീട്ടില്‍ നിഖില്‍ ഫ്രെഡി(25) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. 

ഇയാള്‍ മാനേജരായി ജോലി ചെയ്തു വന്നിരുന്ന ഈരാറ്റുപേട്ടയിലുള്ള ആശിര്‍വാദ് മൈക്രോഫിനാന്‍സ് കമ്പനിയില്‍ ഫീല്‍ഡ് ഓഫീസര്‍മാര്‍ ഹെഡ് ഓഫീസില്‍ അടയ്ക്കുന്നതിനായി ഏല്‍പ്പിച്ച പത്തു ലക്ഷത്തി ഇരുപത്തിഅയ്യായിരം രൂപ അടക്കാതെ തിരിമറി നടത്തുകയായിരുന്നു. പരാതിയെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ തിരിമറി നടത്തിയത് നിഖില്‍ ആണെന്ന് കണ്ടെത്തുകയായിരുന്നു. 

തുടര്‍ന്ന് അന്വേഷണസംഘം ഇയാളെ അരുവിത്തറയില്‍ നിന്നും പിടികൂടി. ഈ പണം ഓണ്‍ലൈന്‍ ഗെയിമിനുവേണ്ടി ചെലവഴിക്കുകയായിരുന്നുവെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. ഈരാറ്റുപേട്ട സ്റ്റേഷന്‍ എസ്.എച്ച്. ഓ ബാബു സെബാസ്റ്റ്യന്‍, എസ്.ഐ വിഷ്ണു വി.വി, എ.എസ്.ഐ ഇക്ബാല്‍ എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


أحدث أقدم