കോട്ടയം : ശശി തരൂരിനെ കോട്ടയത്തേക്ക് മത്സരിക്കാന്‍ ക്ഷണിച്ച് എം ജി സർവകലാശാല മുൻ വിസി ഡോ. സിറിയക് തോമസ്. പാലായിൽ കെഎം ചാണ്ടി ഫൗണ്ടേഷന്റെ വേദിയിലാണ് അതിന്റെ ചെയര്‍മാനായ സിറിയക് തോമസിന്റെ പരാമര്‍ശം.
അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍ നിന്ന് മത്സരിക്കണമെന്ന് സിറിയക് തോമസ് പറഞ്ഞു. മുഖ്യമന്ത്രിയാകാനും പ്രധാനമന്ത്രിയാകാനും യോഗ്യൻ ആണ് തരൂരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സംഘടനാ ചട്ടക്കൂട് മറികടന്നു താന്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് ശശി തരൂര്‍ എംപി പറഞ്ഞു. പാര്‍ട്ടിയുടെ ഭാഗമല്ലേ യൂത്ത് കോണ്‍ഗ്രസ്? അവര്‍ വിളിക്കുമ്പോള്‍ പോകാതിരിക്കുന്നത് എങ്ങനെയാണ്? താല്‍പര്യമുള്ളവര്‍ വരട്ടെ. ഡിസിസി പ്രസിഡന്റുമാരോട് പറയാതെ എവിടെയും പോകാറില്ല. തന്റെ ഭാഗത്തുനിന്ന് അറിയിച്ചിട്ടുണ്ട്. അവര്‍ക്ക് അറിയിപ്പ് കിട്ടിയിട്ടുണ്ടാകണമെന്നും തരൂര്‍ പറഞ്ഞു.
താന്‍ മുന്‍പും പരിപാടികളില്‍ പങ്കെടുക്കാറുണ്ട്. ഇപ്പോള്‍ മാത്രം വിവാദമുണ്ടാക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. അതേസമയം, ഈരാറ്റുപേട്ടയിൽ യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ തരൂരിനൊപ്പം കോട്ടയം ഡിസിസി പ്രസിഡന്റ് വേദി പങ്കിട്ടില്ല.
തരൂരിന്റേത് അച്ചടക്ക ലംഘനമാണെന്നും പാര്‍ട്ടി ചട്ടക്കൂടിന് വിരുദ്ധമായി പ്രവര്‍ത്തിക്കാനാകില്ലെന്നും നാട്ടകം സുരേഷ് പറഞ്ഞു.