കൊച്ചി: ഓട്ടത്തിനിടെ പുതിയ സ്കൂട്ടർ കത്തിനശിച്ചു. അപകടത്തിൽനിന്നു തലനാരിഴയ്ക്കാണ് യുവതി രക്ഷപ്പെട്ടത്. കളമശേരി പെരിങ്ങഴ സ്വദേശിനി അനഘ നായരുടെ സ്കൂട്ടറാണ് കത്തിനശിച്ചത്. ഇന്ന് രാവിലെ പത്തോടെ കളമശേരി എച്ച്എംടി സ്റ്റോറിനു സമീപമാണ് ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിനു തീ പിടിച്ചത്.
സ്കൂട്ടറിന്റെ അടിയിൽനിന്നു പുക ഉയരുന്നതു കണ്ടു യുവതി വാഹനം നിർത്തി. പെട്ടെന്നുതന്നെ രേഖകൾ എടുത്തുമാറ്റി മാറി നിന്നു. അതിനാൽ അവർക്ക് പരുക്കേറ്റില്ല. സ്കൂട്ടർ പാടെ കത്തിനശിച്ചു. അഗ്നിശമനസേന സ്ഥലത്തെത്തിയാണ് തീയണച്ചത്. ഇതിനിടെ നാട്ടുകാർ തീയണയ്ക്കാൻ മണൽ വാരിയിട്ടെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ വ്യാഴാഴ്ച ഷോറൂമിൽ നിന്നെടുത്ത പുതിയ സ്കൂട്ടറാണ് കത്തി നശിച്ചത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വാഹന ഷോറൂം അധികൃതരെ വിവരം അറിയിച്ചു. പുതിയ വാഹനമായതിനാൽ ഇൻഷുറൻസ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കു കാര്യമായ തടസ്സമുണ്ടാകില്ലെന്നാണ് സൂചന.