എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ സംഘർഷം; വൈദികരെ കയ്യേറ്റം ചെയ്തു, ബലിപീഠം തള്ളിമാറ്റി

 കുർബാനയെ ചൊല്ലി എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ സംഘര്‍ഷം. അള്‍ത്താരയില്‍ കയറി ബലിപീഠം തള്ളിമാറ്റി. വൈദികരെ കയ്യേറ്റം ചെയ്തു. ഇന്നലെ വൈകിട്ട് ആരംഭിച്ച വൈദികരുടെ ജനാഭിമുഖ കുർബാന തുടരുന്നതിനിടെയാണ് ഇതിനെ എതിർത്ത് ഏകീകൃത കുർബാനയെ പിന്തുണയ്ക്കുന്നവരും പള്ളിയിലെത്തിയത്.

വൻ പൊലീസ് സന്നാഹവും സ്ഥലത്തു ക്യാംപ് ചെയ്യുകയാണ്. പള്ളിക്കുള്ളിൽനിന്ന് വൈദികരെയും വിശ്വാസികളെയും പൊലീസ് നീക്കി.‍ ഇന്നലെ വൈകിട്ടോടെയാണ് തർക്കങ്ങളുടെ തുടക്കം. ഒരു വിഭാഗം വൈദികർ ജനാഭിമുഖ കുർബാനയും ബസിലിക്ക അഡ്മിനിസ്ട്രേറ്റർ ഫാ. ആന്റണി പൂതവേലിൽ ഏകീകൃത കുർബാനയും അർപ്പിച്ചു.

വിശുദ്ധ കുർബാനയെ അവഹേളിക്കാൻ പൊലീസ് കൂട്ടുനിന്നെന്ന് ഒരുവിഭാഗം ആരോപിച്ചു. പള്ളി അടച്ചുപൂട്ടാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും വൈദികർ പറഞ്ഞു. പൊലീസ് പിച്ചിയും തള്ളിയും മാറ്റിയെന്നും വൈദികൻ പറഞ്ഞു.

അതേസമയം, ഇരുവിഭാഗങ്ങളെയും ചർച്ചയ്ക്കു വിളിക്കുമെന്ന് എസിപി പറഞ്ഞു. സംഘർഷം ഒഴിവാക്കാനാണ് പള്ളിക്കുള്ളിൽനിന്ന് ആളുകളെ മാറ്റിയത്. പള്ളി അടക്കാൻ ആലോചിക്കുന്നില്ലെന്നും എസിപി പറഞ്ഞു.
أحدث أقدم