വോട്ട് രേഖപ്പെടുത്താൻ പോകുന്നതിനിടെ റോഡ് ഷോ.. പ്രധാനമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിൽ വോട്ട് രേഖപ്പെടുത്താൻ പോകുന്നതിനിടെ റോഡ് ഷോ നടത്തിയെന്നാരോപിച്ച് ഗുജറാത്ത് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി. കോൺ​ഗ്രസാണ് പരാതി നൽകിയത്. ബി.ജെ.പി പതാകയും കാവി സ്കാർഫും ധരിച്ച് റാണിപ്പിലെ പോളിംഗ് ബൂത്തിലേക്ക് ആളുകൾക്കൊപ്പം മോദി പദയാത്ര നടത്തിയെന്ന് സംസ്ഥാന കോൺഗ്രസ് യൂണിറ്റ് ലീഗൽ സെൽ ചെയർമാൻ യോഗേഷ് റവാണി നൽകിയ പരാതിയിൽ ആരോപിച്ചു.
പ്രധാനമന്ത്രി മോദിക്ക് പോളിംഗ് ബൂത്തിന്റെ ഗേറ്റിൽ തന്നെ ഇറങ്ങാമായിരുന്നു. പക്ഷേ, അദ്ദേഹം ബൂത്ത് എത്തും മുമ്പേ ഇറങ്ങി നടക്കുകയും വഴിയിൽ ആളുകളുമായി സംവദിക്കുകയും ചെയ്തെന്നും പരാതിക്കാരൻ പറഞ്ഞു. ചട്ടം ലംഘിച്ച് ബി.ജെ.പിക്ക് വേണ്ടി പ്രചാരണം നടത്തുകയും വോട്ടെടുപ്പ് ദിവസം വോട്ടർമാരെ സ്വാധീനിക്കുകയുമാണ് മോദി ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ പ്രധാനമന്ത്രിക്കെതിരെ നടപടിയെടുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. വിഷയം പരിശോധിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പ് നൽകിയിട്ടുണ്ടെന്നും പരാതിക്കാരൻ പറഞ്ഞു.


മോദി വോട്ട് ചെയ്യാനെത്തുന്നതിന്റെ ദൃശ്യങ്ങൾ പ്രാദേശിക, ദേശീയ ടെലിവിഷൻ ചാനലുകൾ സംപ്രേക്ഷണം ചെയ്തെന്നും ഇതും വോട്ടർമാരെ സ്വാധീനിക്കുമെന്നും പരാതിയിൽ പറയുന്നു. നേരത്തെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ പോസ്റ്ററുകളും ബാനറുകളും വോട്ടെടുപ്പ് ദിവസം ഘട്‌ലോദിയ മണ്ഡലത്തിൽ പ്രദർശിപ്പിച്ചതിനെച്ചൊല്ലിയും പരാതിയുയർന്നിരുന്നു. അഹമ്മദാബാദിലെ ബാപ്പുനഗറിലെ സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി സ്‌കൂളിലെ പോളിംഗ് ബൂത്തിൽ കയറി ബഹളം ഉണ്ടാക്കിയതിനെതിരെയും കോൺഗ്രസ് പരാതി നൽകി
أحدث أقدم