കോഴിക്കോട് നഗരസഭയില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ തല്ലി; മാധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദനം

കോഴിക്കോട് നഗരസഭയില്‍ എല്‍ഡിഎഫ് - യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷം


 കോഴിക്കോട് : കോഴിക്കോട് നഗരസഭയില്‍ സംഘര്‍ഷം. യുഡിഎഫ്- എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ത്തല്ലി.

 ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റു. മാതൃഭൂമി ക്യാമറാമാന്‍, കേരള വിഷന്‍ റിപ്പോര്‍ട്ടര്‍, ക്യാമറാമാന്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. എല്‍ഡിഎഫ് കൗണ്‍സിലര്‍മാരാണ് മര്‍ദിച്ചതെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. 

പിഎന്‍ബി അക്കൗണ്ടിലെ 
തിരിമറി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നല്‍കിയ അടിയന്തര പ്രമേയ നോട്ടിസ് മേയര്‍ തള്ളിയിരുന്നു. തുടര്‍ന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിക്കുകയും 15 കൗണ്‍സിലര്‍മാരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. തിരിമറിയില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്ക് ഉണ്ടെങ്കില്‍ നടപടി എടുക്കുമെന്നും ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും മേയര്‍ പറഞ്ഞു. 

നെറ്റിയില്‍ കറുത്ത റിബണ്‍ കെട്ടിയായിരുന്നു യുഡിഎഫ് കൗണ്‍സിലര്‍മാര്‍ എത്തിയത്. എല്‍ഡിഎഫ്-യുഡിഎഫ് അംഗങ്ങള്‍ നേര്‍ക്കുനേര്‍ നിന്ന് മുദ്രാവാക്യം മുഴക്കി.

അടിയന്തര സ്വഭാവമില്ലാത്ത വിഷയമാതിനാലാണ് പ്രമേയത്തിന് അനുമതി നിഷേധിച്ചതെന്ന് മേയര്‍ ബീനാ ഫിലിപ്പ് പറഞ്ഞു. തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ട അന്ന് വൈകുന്നേരം തന്നെ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ കോര്‍പ്പറേഷന്‍ പരാതി നല്‍കിയിരുന്നു. അതിന് മുന്‍പ് പ്രതിപക്ഷം പരാതി നല്‍കിയെന്ന് മാത്രം. പിന്നീടാണ് വിഷയം വിവാദമായത്.

തുടര്‍ന്ന് നടന്നത് തീര്‍ത്തും നടക്കാന്‍ പാടില്ലാത്ത സംഭവങ്ങളാണ്. മേയറുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി, സെക്രട്ടറിയെ ഉന്നംവച്ച് പ്രതിഷേധം നടത്തി. അതിലൊക്കെ തനിക്ക് വിഷമമുണ്ടെന്നും മേയര്‍ ബീനാ ഫിലിപ്പ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
أحدث أقدم