തിരുവനന്തപുരം : കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോം പഴയ കാക്കി നിറത്തിലേക്ക് മാറ്റും.
ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും കാക്കി നിറവും, മെക്കാനിക്ക് ജീവനക്കാർക്ക് നീല നിറവും നൽകും. തൊഴിലാളി യൂണിയനുകളുമായി സിഎംഡി നടത്തിയ ചർച്ചയിലാണ് തീരുമാനം. ജനുവരി മുതൽ മാറ്റം വരുത്താനാണ് മാനേജ്മെന്റ് ആലോചിക്കുന്നത്.
2015ലാണ് കാക്കി നിറമായിരുന്ന ജീവനക്കാരുടെ യൂണിഫോം നീല നിറത്തിലേക്ക് മാറ്റിയത്. അന്നത്തെ എംഡി ആന്റണി ചാക്കോയുടെ ആശയപ്രകാരം പ്രൊഫഷണൽ മുഖം വരുത്താനായിരുന്നു പരിഷ്കാരം. കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും യൂണിഫോം നീല ഷർട്ടും കടും നീല പാന്റുമാക്കി. മെക്കാനിക്കൽ ജീവനക്കാർക്ക് ചാര നിറവും. തീരുമാനം നടപ്പാക്കി എട്ട് വർഷങ്ങൾക്ക് ശേഷമാണ് യൂണിഫോം വീണ്ടും കാക്കിയിലേക്ക് മാറ്റുന്നത്.
ഡ്രൈവർക്കും കണ്ടക്ടർക്കും ഇൻസ്പെക്ടർക്കും കാക്കി നിറമുള്ള യൂണിഫോം ആയിരിക്കും. സീനിയോരിറ്റി അറിയാൻ പ്രത്യേക ബാഡ്ജും അനുവദിക്കും. മെക്കാനിക്കൽ ജീവനക്കാർക്ക് നീല യൂണിഫോം ആണ് നൽകുക. യൂണിഫോമിനുള്ള ഓർഡർ മാനേജ്മെന്റ് ഉടൻ നൽകുമെന്നാണ് വിവരം. യൂണിയനുകളുടെ ആവശ്യപ്രകാരമാണ് നിറം മാറ്റാനുള്ള തീരുമാനം. ജനുവരി മുതൽ മാറ്റം വരുത്താനാണ് മാനേജ്മെന്റിന്റെ ആലോചന.