ഇം​ഗ്ലീഷ് പടയോട്ടം; സെന​ഗലിനെ നിലംപരിശാക്കി ഇം​ഗ്ലണ്ട് ക്വാർട്ടറിൽ



 ദോഹ: കളിയുടെ ആദ്യ അര മണിക്കൂറിൽ മാത്രം വെല്ലുവിളി ഉയർത്താൻ സെന​ഗലിനെ അനുവദിച്ച ഇം​ഗ്ലണ്ട് പിന്നീടുള്ള ഒരു മണിക്കൂർ കളം അടക്കി വാണു. ഒടുവിൽ മറുപടിയില്ലാത്ത മൂന്ന് ​ഗോളിന്റെ തകർപ്പൻ ജയം. ലോകകപ്പ് പ്രീ ക്വാർട്ടറിൽ സെന​ഗലിനെ നിലംപരിശാക്കി ഇം​ഗ്ലീഷ് പടയോട്ടം. ക്വാർട്ടറിൽ കാണാം ഫ്രാൻസ്- ഇം​ഗ്ലണ്ട് ക്ലാസിക്ക്. ജോര്‍ദന്‍ ഹെന്‍ഡേഴ്‌സനും ഹാരി കെയ്‌നും ബുകായോ സാകയുമാണ് ഇംഗ്ലണ്ടിന്റെ സ്‌കോറര്‍മാര്‍.

കളിയുടെ തുടക്കം മുതൽ ഇം​ഗ്ലണ്ട് ടോപ് ​ഗിയർ ആക്രമണമാണ് നടത്തിയത്. സെന​ഗൽ നായകൻ കൗലിബാലിയുടെ നേതൃത്വത്തിലുള്ള പ്രതിരോധം പക്ഷേ ഉറച്ചു നിന്നതോടെ ഫൈനൽ തേഡിൽ ഇം​ഗ്ലണ്ടിന്റെ ഒരു കളിയും നടന്നില്ല. 

പതിയെ കളി പിടിച്ച സെനഗല്‍ മികച്ച മുന്നേറ്റങ്ങള്‍ ആദ്യ പകുതിയില്‍ പുറത്തെടുത്തു. ബുലായെ ഡിയയ്ക്ക് ലഭിച്ച ഒരു ത്രൂ ബോളില്‍ നിന്ന് നാലാം മിനിറ്റില്‍ തന്നെ സെനഗലിന് മുന്നിലെത്താനുള്ള അവസരം ലഭിച്ചു. പന്തുമായി ജോണ്‍ സ്റ്റോണ്‍സിനും ഹാരി മഗ്വെയര്‍ക്കും ഇടയിലൂടെ മുന്നേറിയ ഡിയക്ക് ഷൂട്ട് ചെയ്യാന്‍ അവസരം ലഭിക്കും മുൻപ് മ​ഗ്വെയർ ഇം​ഗ്ലണ്ടിനെ രക്ഷപ്പെടുത്തി. 

പിന്നാലെ സെന​ഗൽ കടുത്ത ആക്രമണങ്ങൾ നടത്തി. 22ാം മിനിറ്റിൽ മറ്റൊരു അവസരം കൂടെ അവർ തുറന്നു. മഗ്വെയറില്‍ നിന്ന് പന്ത് റാഞ്ചിയ ക്രെപിന്‍ ഡയാറ്റയാണ് അവസരമൊരുക്കിയത്. ഡയാറ്റയുടെ ക്രോസില്‍ നിന്ന് ഡിയ ഷോട്ടിന് ശ്രമിച്ചു. കുത്തിയുയര്‍ന്ന പന്ത് ഓടിയെത്തിയ ഇസ്മയ്‌ല സാര്‍ ഗോളിലേക്ക് തൊടുത്തെങ്കിലും പന്ത് പുറത്തേക്ക് പോയി. 

31ാം മിനിറ്റിൽ വീണ്ടും സെന​ഗലിന്റെ ​ഗോൾ ശ്രമം. സാക്കയുടെ പിഴവില്‍ നിന്ന് പന്ത് പിടിച്ചെടുത്ത് മുന്നേറിയ സാറില്‍ നിന്ന് പന്ത് ബുലായെ ഡിയയിലേക്ക്. ഡിയയുടെ ഗോളെന്നുറച്ച ഷോട്ട് ഇംഗ്ലണ്ട് ഗോള്‍ കീപ്പര്‍ ജോര്‍ദാന്‍ പിക്‌ഫോര്‍ഡ് അവിശ്വസനീയമായി തട്ടിയകറ്റിയതോടെ ഇം​ഗ്ലണ്ട് ദീർഘ ശ്വാസമെടുത്തു.

പിന്നീട് ഇം​ഗ്ലണ്ട് സെന​ഗൽ പ്രതിരോധത്തിൽ വിള്ളൽ വീഴ്ത്തി. 38ാം മിനിറ്റിൽ അതിന്റെ ഫലവും അവർക്ക് കിട്ടി. ഹാരി കെയ്ന്‍ ജൂഡ് ബെല്ലിങ്ഹാമിന് നീട്ടി നല്‍കിയ പന്തില്‍ നിന്ന് ജോർദാൻ ഹെൻഡേഴ്സന്റെ തന്ത്രപരമായ ഷോട്ട് സെന​ഗൽ വലയിൽ കയറി. സെനഗല്‍ ഡിഫന്‍ഡര്‍മാരെ വെട്ടിച്ച് മുന്നേറി ബെല്ലിങ്ഹാം കട്ട്ബാക്ക് ചെയ്ത് നല്‍കിയ പന്ത് ഹെന്‍ഡേഴ്‌സന്‍ കൃത്യമായി വലയിലെത്തിച്ചതോടെ സെന​ഗൽ കളി കൈവിട്ടു തുടങ്ങി.

ഗോള്‍ വീണതോടെ ഇംഗ്ലണ്ട് ആക്രമണങ്ങള്‍ക്ക് വേ​ഗം കൂട്ടി. സാകയും കെയ്‌നുമടക്കമുള്ളവർ സെനഗല്‍ ബോക്‌സില്‍ നിരന്തരം പ്രസിങ് ചെയ്തു. ആദ്യ പകുതിയുടെ അധിക സമയത്ത് ക്യാപ്റ്റന്‍ ഹാരി കെയ്‌നിലൂടെ ഇംഗ്ലണ്ടിന്റെ രണ്ടാം ​ഗോളും വന്നു. ബെല്ലിങ്ങാം തുടക്കമിട്ട കൗണ്ടര്‍ അറ്റാക്കാണ് ഗോളിന് വഴിയൊരുക്കിയത്. ബെല്ലിങ്ഹാമില്‍ നിന്ന് പന്ത് ഫില്‍ ഫോഡനിലേക്ക്, ഫോഡന്‍ പന്ത് കെയ്‌നിന് മറിച്ച് നല്‍കി. സെനഗല്‍ ഗോള്‍കീപ്പര്‍ മെന്‍ഡിക്ക് യാതൊരു അവസരവും നല്‍കാതെ കെയ്‌നിന്റെ ഷോട്ട് വലയില്‍. ഖത്തര്‍ ലോകകപ്പില്‍ കെയ്നിന്റെ ആദ്യ ഗോള്‍. പിന്നാലെ റഫറിയുടെ ആദ്യ പകുതി അവസാനിച്ചതിന്റെ വിസിലും മുഴങ്ങി. 

രണ്ടാം പകുതിയിലും ആക്രമണങ്ങള്‍ തുടരെ നടത്തി ഇംഗ്ലണ്ട് സെന​ഗലിനെ വിറപ്പിച്ചു. സെനഗലിന് പിന്നീടൊരു തിരിച്ചുവരവ് സാധ്യമാകാത്ത വിധം 57ാം മിനിറ്റില്‍ മൂന്നാം ഗോളും വന്നു. മധ്യഭാഗത്ത് കെയ്ന്‍ നഷ്ടപ്പെടുത്തിയ പന്ത് റാഞ്ചി മുന്നേറിയ ഫില്‍ ഫോഡനാണ് ഗോളിന് വഴിയൊരുക്കിയത്. ഇടതു വിങ്ങിലൂടെ കയറി ഫോഡന്‍ നല്‍കിയ പാസ് ബുകായോ സാക അനായാസം വലയിലെത്തിച്ചു. സാക ഈ ലോകകപ്പിൽ നേടിയ മൂന്നാം ​ഗോളായിരുന്നു ഇത്.
أحدث أقدم