പാലക്കാട്: നഗ്നനായെത്തി മോഷണം നടത്തിയിരുന്ന കള്ളന്‍ പിടിയില്‍. മരുതം റോഡ് ചെമ്പലോട് മോഹനന്‍ ആണ് അറസ്റ്റിലായത്. നൂറിലേറെ വീടുകളിലാണ് ഇയാള്‍ മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
പാലക്കാട് നഗരത്തില്‍ മോഷണം പതിവായതോടെ എഎസ്പി ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. രാത്രി നഗ്നനായി വന്ന് വീട്ടിലെ പണവും വില പിടിപ്പുള്ള വസ്തുക്കളും കവര്‍ച്ച ചെയ്യുന്നതാണ് ഇയാളുടെ രീതി.
ജനലിലൂടെയും മറ്റും മോഷണം നടത്തിയശേഷം സ്ത്രീകളുടെ വസ്ത്രങ്ങള്‍ കൊണ്ടുപോകുന്നതും ഇയാളുടെ രീതിയാണ്. പിടിക്കപ്പെടാതിരിക്കാന്‍ ശരീരത്തില്‍ നല്ലെണ്ണ തേച്ചാണ് ഇയാള്‍ മോഷണത്തിന് ഇറങ്ങുന്നത്. കഴിഞ്ഞയാഴ്ച മണപ്പുള്ളിക്കാവ്, ചന്ദ്രനഗര്‍ ഭാഗങ്ങളില്‍ ഇയാള്‍ മോഷണത്തിന് എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു.
മോഷ്ടിച്ച വസ്തുക്കള്‍ തമിഴ്‌നാട്ടില്‍ കൊണ്ടുപോയാണ് ഇയാള്‍ വിറ്റിരുന്നത്. ഹെര്‍ണിയ ഉള്ളതു കൊണ്ടാണ് വസ്ത്രം ധരിക്കാതെ മോഷണം നടത്തുന്നതെന്നും, മോഷണത്തിന് ശേഷം സുരക്ഷിതമായ സ്ഥലത്തെത്തിയശേഷം വസ്ത്രം ധരിച്ച് പോകുകയാണ് ചെയ്യുന്നതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഇയാളുടെ മോഷണം സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.