ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്'; സജി ചെറിയാന്റെ സത്യപ്രതിജ്ഞാ ദിവസം കരിദിനം, പ്രതിഷേധവുമായി പ്രതിപക്ഷം


 

 കണ്ണൂര്‍ : സജി ചെറിയാന്റെ പ്രസംഗം ഭരണഘടനാ ലംഘനമല്ലെന്ന് സിപിഎം മാത്രം തീരുമാനിച്ചാല്‍ പോരെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സജി ചെറിയാന്റെ മന്ത്രി പദവിയിലേക്കുള്ള തിരിച്ചുവരവ് യുഡിഎഫ് അംഗീകരിക്കില്ല. സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം കരിദിനമായി ആചരിക്കുമെന്നും സുധാകരന്‍ പറഞ്ഞു. 

സജി ചെറിയാന്‍ എന്തിനാണ് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചതെന്ന് സിപിഎം പറയണം. തെറ്റ് ചെയ്തിട്ടില്ലെന്ന് പ്രാഥമികമായി സിപിഎമ്മിന് ഉറപ്പുണ്ടെങ്കില്‍ എന്തിനാണ് സജി ചെറിയാനോട് രാജി ആവശ്യപ്പെട്ടതെന്നും സുധാകരന്‍ ചോദിച്ചു.

ഭരണത്തിലിരിക്കുന്ന സിപിഎം ഏത് കാര്യത്തിലാണ് നീതിപൂര്‍വം പ്രവര്‍ത്തിച്ചിട്ടുള്ളത്? എല്ലാത്തിനോടും മുഖം തിരിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ അന്വേഷണം വേണ്ടെന്ന് സിപിഎം തീരുമാനിച്ചു.

 പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന ആരോപണത്തില്‍ പോലും അന്വേഷണം നടത്താന്‍ തയാറാകുന്നില്ലെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

സാമ്പത്തിക രംഗത്തെ അഴിമതിയെ കുറിച്ച് അന്വേഷിക്കേണ്ടെന്ന തീരുമാനിക്കാന്‍ സിപിഎമ്മിന് എന്ത് അധികാരമാണുള്ളത്. സിപിഎമ്മിന് എന്തും ആവാമെന്ന അവസ്ഥയാണ്. അരാജകത്വത്തിന്റെ വിളനിലമായി സംസ്ഥാനത്തെ മാറ്റുകയാണ്. സിപിഎമ്മിന്റെ ഇത്തരം പ്രവൃത്തികള്‍ ജനങ്ങള്‍ വിലയിരുത്തുമെന്നും സുധാകരന്‍ പറഞ്ഞു.


أحدث أقدم