ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും യുവതിക്ക് നേരെ ആക്രമണം. ഡല്‍ഹി ആദര്‍ശ് നഗറില്‍ പട്ടാപ്പകല്‍ യുവതിയെ മുന്‍ കാമുകന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഡല്‍ഹി സര്‍വകലാശാലയിലെ ബിരുദ വിദ്യാര്‍ത്ഥിനി സിമ്രജിത്ത് എന്ന 22 കാരിക്കാണ് കുത്തേറ്റത്. ആക്രമിച്ച മുന്‍ സുഹൃത്ത് സുഖ്‌വിന്ദറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
യുവതിയെ പ്രതി ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ബന്ധം പിരിഞ്ഞതിനെച്ചൊല്ലിയുള്ള വാക്കുതര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. യുവതിയെ മൂന്നു നാലു തവണ പ്രതി കുത്തിപ്പരിക്കേല്‍പ്പിച്ചു.
പെണ്‍കുട്ടിയുടെ കഴുത്ത്, വയര്‍, കൈകള്‍ എന്നിവിടങ്ങളിലെല്ലാം കുത്തേറ്റിട്ടുണ്ട്. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ബാബു ജഗ് ജീവന്‍ റാം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.