സ്വന്തം വീട്ടിൽ മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ ; ധൂർത്തടി മറയ്ക്കാനെടുത്തത് 4 പവന്റെ മാല

 മലപ്പുറം: സ്വന്തം വീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച കേസില്‍ പ്രതി അറസ്റ്റില്‍. മലപ്പുറം സ്വദേശി അബ്ദുൾ റഷീദാണ് പിടിയിലായത്. സ്വന്തം വീടായ പിലാശ്ശേരി വാവൂര്‍ കരിമ്പില്‍ വീട്ടില്‍നിന്ന് നാല് പവനോളം വരുന്ന സ്വര്‍ണ്ണം പ്രതി മോഷ്ടിച്ചെന്നാണ് കേസ്.

ഇക്കഴിഞ്ഞ 24നായിരുന്നു സംഭവം. പ്രതിയുടെ സഹോദരന്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. ഫിംഗര്‍പ്രിന്റ് വിദഗ്ദ്ധരുടെ സഹായത്തോടെയാണ് റാഷിദാണ് മോഷണം നടത്തിയതെന്ന് പോലീസ് കണ്ടെത്തിയത്.

എടവണ്ണപ്പാറയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നും പോലീസ് മോഷണ മുതല്‍ കണ്ടെടുത്തു. പലപ്പോഴായി വീട്ടില്‍ നിന്നെടുത്ത സ്വര്‍ണ്ണം പണയം വച്ച് ധൂര്‍ത്തടിച്ചത് മറച്ചുവയ്ക്കാനാണ് ഒരു മോഷണംകൂടി പ്രതി നടത്തിയത്.

 പ്രതിയെ മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് കോടതിയില്‍ ഹാജരാക്കി. വാഴക്കാട് പോലീസ് സബ് ഇന്‍സ്പെക്ടര്‍ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

 പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണെന്നും ഇതിന് പുറമെ മറ്റു മോഷണങ്ങള്‍ നടത്തിയിട്ടുണ്ടോയെന്നത് ഉള്‍പ്പെടെ പരിശോധിക്കുമെന്നു പോലീസ് പറഞ്ഞു.


أحدث أقدم