ബിഗ് ടിക്കറ്റിലൂടെ പ്രവാസി മലയാളിക്ക് പുതുവത്സര സമ്മാനം... ലഭിച്ചത് ഒരു കിലോ സ്വർണ്ണം


ഡിസംബര്‍ മാസത്തില്‍ ബിഗ് ടിക്കറ്റിലൂടെ പ്രവാസി മലയാളിക്ക് പുതുവത്സര സമ്മാനം. അതത് ആഴ്ചകളില്‍ നടന്ന പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിൽ വിജയിയായി റാസല്‍ഖൈമയില്‍ എഞ്ചിനീയറായ കരമങ്ങാട്ടില്‍ കൃഷ്ണകുമാർ നേടിയത് ഒരു കിലോഗ്രാം സ്വര്‍ണമാണ്.

എഞ്ചിനീയറായി ജോലി ചെയ്യുന്ന കൃഷ്ണകുമാര്‍ 1994ലാണ് യു.എ.ഇല്‍ എത്തുന്നത്. നേരത്തെ വിജയിയായ ഒരാളുടെ കഥ വാര്‍ത്തകളില്‍ കണ്ടതിന് പിന്നാലെ കഴിഞ്ഞ മൂന്ന് വര്‍ഷമായി കൃഷ്ണകുമാര്‍ ബിഗ് ടിക്കറ്റെടുക്കുന്നു. ഏറ്റവുമൊടുവില്‍ വര്‍ഷാവസാനത്തില്‍ ഒറ്റയ്ക്ക് എടുത്ത ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ ഭാഗ്യം കടാക്ഷിച്ചത്. പുതുവര്‍ഷത്തിലെ ആദ്യ ദിനത്തില്‍ തന്നെ സമ്മാന വിവരം അറിയിച്ചുകൊണ്ട് ബിഗ് ടിക്കറ്റില്‍ നിന്നുള്ള ഫോണ്‍ കോള്‍ അദ്ദേഹത്തെ തേടിയെത്തി. സ്വര്‍ണ സമ്മാനം ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷയില്ലാതിരുന്നതിനാല്‍ തന്നെ സമ്മാനം കൊണ്ട് എന്ത് ചെയ്യണമെന്ന് ഇനിയും തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം ഏറെ സന്തോഷത്തോടെ ബിഗ് ടിക്കറ്റ് പ്രതിനിധിയോട് പറഞ്ഞു. എന്നാല്‍ ഇവിടം കൊണ്ടും തന്റെ ഭാഗ്യ പരീക്ഷണം അവസാനിപ്പിക്കാന്‍ കൃഷ്ണകുമാര്‍ ഒരുക്കമല്ല. ഗ്രാന്റ് ഡ്രോയിലെ സമ്മാനം ലഭിച്ചുവെന്നറിയിച്ചു കൊണ്ടുള്ള ഫോണ്‍ കോള്‍ ലഭിക്കുന്നതു വരെ ബിഗ് ടിക്കറ്റ് എടുക്കുന്നത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു. കൃഷ്ണകുമാര്‍ ഉള്‍പ്പെടെ പ്രതിവാര നറുക്കെടുപ്പുകളില്‍ വിജയിച്ചവരുടെയും ടിക്കറ്റുകള്‍ ഇന്ന് രാത്രി നടക്കാനിരിക്കുന്ന ഗ്രാന്റ് ഡ്രോയില്‍ ഉള്‍പ്പെടും.
أحدث أقدم